സ്വന്തം ലേഖകന്‍: സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന് ഭീകരനായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ സഈദ് നേതൃത്വം നല്കുന്ന ജമാഅത്തുദ്ദഅ്വ, ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ലശ്കറെ ത്വയ്യിബ, ഹര്‍കത്തുല്‍ മുജാഹിദീന്‍ എന്നിവയടക്കം ഐക്യരാഷ്ട്രസഭ രക്ഷാസമിതി നിരോധിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും പാക് സര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
1997ലെ ഭീകരവിരുദ്ധ നിയമത്തിലെ (എ.ടി.എ) 11 ബി, 11 ഇഇ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് പാക് സര്‍ക്കാര്‍ ഹാഫിസ് സഈദ് അടക്കമുള്ളവരെ ഭീകരരായി പ്രഖ്യാപിച്ചത്. ഇതിന്റെ മുന്നോടിയായി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ജമാഅത്തുദ്ദഅ്വയുടെ ആസ്ഥാനത്തിനും മറ്റ് 26 ഓഫിസുകള്‍ക്കും മുന്നില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പാക് പൊലീസ് തിങ്കളാഴ്ച എടുത്തുമാറ്റിയിരുന്നു. സുരക്ഷയുടെ പേരില്‍ 10 വര്‍ഷം മുമ്പാണ് സംഘടന തങ്ങളുടെ ഓഫിസുകള്‍ക്കു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
അന്താരാഷ്ട്ര സമൂഹത്തില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ഹാഫിസ് സഈദ് അടക്കമുള്ളവരെ ഭീകരരായി പ്രഖ്യാപിക്കാന്‍ പാകിസ്താന് നിര്‍ബന്ധിതമായത്. ഇതിന് തയാറായില്ലെങ്കില്‍ ഞായറാഴ്ച പാരിസില്‍ തുടങ്ങാനിരിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) യോഗത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇന്ത്യയും അമേരിക്കയും ഇതിനായി സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. മുമ്പ് 2012 ഫെബ്രുവരി മുതല്‍ പാകിസ്താനെ എഫ്.എ.ടി.എഫ് കരിമ്പട്ടികയില്‍പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല