സ്വന്തം ലേഖകന്‍: ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസി ഭര്ത്താക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാര്യമാരെ ഉപേക്ഷിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവാസി ഭര്ത്താക്കന്മാരുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടുംവിധം നിയമഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍നിന്ന് മൂന്നില്‍ കൂടുതല്‍ തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന ഭര്ത്താക്കന്മാരെ പിടികിട്ടാപുള്ളികളായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും വനിത, ശിശു വികസന മന്ത്രി മേനക ഗാന്ധി പറഞ്ഞു.
ഇത്തരക്കാരുടെ ഇന്ത്യയിലെ സ്വത്ത് പിടിച്ചെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ ചുമതലപ്പെടുത്തും. ഭര്ത്താക്കന്മാര്ക്കുള്ള സമന്‍സ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കും. ഇങ്ങനെ ചെയ്യുന്നതുവഴി അവര്‍ക്ക് സമന്‍സ് കൈമാറിയതായി കണക്കാക്കുന്നവിധം ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും. ഈ മാറ്റത്തിന് അനുമതി തേടി വിദേശകാര്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് എഴുതിയിട്ടുണ്ട്. ഇപ്പോള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയാല്‍ ഭാര്യ പൊലീസില്‍ പരാതിപ്പെടണം. എംബസിക്ക് എഴുതണം. എംബസിയാണ് സമന്‍സ് നല്കാന് ശ്രമിക്കുക.
2015 ജനുവരിക്കും 2017 നവംബറിനുമിടയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയെന്ന 3328 സന്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ലഭിച്ചതായി വനിത, ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പ്രവാസി വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട് ജനുവരിയില്‍ 10 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം നടന്നിരുന്നു. പ്രവാസികളുമായുള്ള വിവാഹത്തിന്റെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ വനിത, ശിശു വികസന മന്ത്രാലയം നിയമ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല