സ്വന്തം ലേഖകന്‍: മൂവായിരം കോടിയോളം രൂപ ചെലവിട്ട് പട്ടേലിന്റെ ഭീമന് പ്രതിമ ഗുജറാത്തില്‍; ഉദ്ഘാടനം ഒക്ടോബറില്‍. നര്‍മദ നദിയില്‍ നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ– സ്റ്റാച്യു ഓഫ് യൂനിറ്റി) പട്ടേലിന്റെ 143 മത് ജന്മദിനമായ ഒക്ടോബര്‍ 31ന് ഉദ്ഘാടനം ചെയ്യാനാണു ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമെന്നു ചീഫ് സെക്രട്ടറി ജെ.എന്‍.സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണിത്.
182 മീറ്റര്‍ ഉയരമുള്ള പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിലാണു പട്ടേല്‍ സ്മാരകം ഉയരുന്നത്. 2013ല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതിക്കു മോദി തറക്കല്ലിട്ടത്. ഗുജറാത്തിലെ എംഎല്‍എമാരുടെ എണ്ണം കണക്കാക്കിയാണ് 182 മീറ്റര്‍ ഉയരം നിശ്ചയിച്ചത്.
നിലവില്‍ ലോകറെക്കോര്‍ഡുള്ള ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യു ഓഫ് ലിബര്‍ട്ടി’യുടെ ഉയരം 93 മീറ്ററാണ്. പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്രിമ തടാകം നിര്‍മിക്കും. പ്രതിമയുടെ ഹൃദയഭാഗം വരെയുള്ള ഉയരത്തില്‍ സഞ്ചാരികള്‍ക്കെത്താം. താഴ്വരയും മലമ്പ്രദേശങ്ങളും തടാകവും നര്‍മദ അണക്കെട്ടും ആസ്വദിക്കാം.
പ്രമുഖ ശില്പി റാം വി.സുതര്‍ ആണ് ശില്പത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്.33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ പൂര്‍ത്തിയാക്കുന്നത്. പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ താരതമ്യങ്ങളില്ലാത്ത സ്മാരകമായി പ്രതിമ മാറുമെന്നു ജെ.എന്‍.സിങ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല