സ്വന്തം ലേഖകന്‍: യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ചികിത്സയിലായിരുന്ന ലണ്ടന്‍ മലയാളി നിര്യാതനായി. ലണ്ടനിലെ ക്യാറ്റ്ഫോര്‍ഡ് നിവാസി തോമസ് ജോസഫ് എന്ന ബൈജുവാണ് നിര്യാതനായത്. 43 വയസായിരുന്നു. പാന്‍ക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം മൂലം ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈജുവിന്റെ നില കഴിഞ്ഞ ദിവസം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ മാറ്റാന്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതോടെ മറ്റ് അവയവങ്ങളേയും ബാധിക്കുകയായിരുന്നു. രോഗബാധയുണ്ടായി നാലാഴ്ച കഴിഞ്ഞു മാത്രം രോഗ ലക്ഷണം പ്രകടമാക്കുന്നതിനാല്‍ രോഗിയെ രക്ഷിക്കുന്ന അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ബൈജുവിന്റെ അവസ്ഥ അതീവ ഗുരുതരാമാണ് എന്നറിഞ്ഞ് ബൈജുവിന്റെ ജീവനായി പ്രാര്‍ഥിച്ച യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തിയാണ് മരണ വാര്‍ത്തയെത്തിയത്.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. നിഷയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഏയ്ഞ്ചല്‍, അലോണ എന്നിവര്‍ മക്കളാണ്. എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ബൈജുവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ മലയാളി സമൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല