സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ ചെലവുകള്‍ക്കായി ആഴ്ചതോറും 16 ലക്ഷം രൂപ അനുവദിച്ച് ബ്രിട്ടീഷ് കോടതി. 9000 കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി ലണ്ടനിലേക്കു മുങ്ങിയ വിജയ് മല്യക്ക് ദൈനംദിന ചെലവുകള്‍ നടത്താന്‍ ആഴ്ചതോറും 18,325.31 പൗണ്ട് (16.4 ലക്ഷം രൂപ) ബ്രിട്ടീഷ് ഹൈക്കോടതി അനുവദിച്ചു. മല്യയുടെ 150 കോടി ഡോളര്‍ വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അലവന്‍സായി തുക ലഭിക്കുന്നത്. ഹൈക്കോടതിയിലെ വാണിജ്യവിഭാഗം കോടതി ജനുവരി 30നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തേ 5,000 പൗണ്ട്(4.49 ലക്ഷം രൂപ) വച്ച് ആഴ്ച ലഭിച്ചിരുന്നു. ഇത് കൂട്ടി നല്കണമെന്ന മല്യയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കര്‍ണാടകയിലെ കടം തിരിച്ചുപിടിക്കല്‍ ട്രിബ്യൂണല്‍(ഡിആര്‍ടി) കഴിഞ്ഞ വര്‍ഷമാണ് മല്യയുടെ ലോകവ്യാപകമായുള്ള സ്വത്തുക്കള്‍ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതേത്തുടര്‍ന്നാണ് മല്യക്കു ബ്രിട്ടനില്‍ അലവന്‍സ് ലഭിച്ചു തുടങ്ങിയത്.
തട്ടിപ്പിനും പണം വെളുപ്പിക്കലിനും മല്യക്കെതിരേ ഇന്ത്യയില്‍ കേസുകളുണ്ട്. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല