സ്വന്തം ലേഖകന്‍: യെമനിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ച് പാകിസ്താന്; സൗദിയില്‍ പാക് സൈന്യത്തെ നിയോഗിക്കും. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സൗദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിന് പാകിസ്താന് തീരുമാനിച്ചത്.
പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സൗദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. മറ്റ് രാജ്യങ്ങളുടെ പ്രാദേശിക തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ടാണ് പാകിസ്താന്റെ ചുവട് വയ്പ്. 2015 മുതല്‍ സൗദി പാകിസ്താനോട് സേനയെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാസഹകരണ ത്തിന്റെ ഭാഗമായാണ് പുതിയ നയമെന്ന് പാകിസ്താന് അറിയിച്ചു. ഉപദേശ,നിര്‍ദേശ മേല്‍നോട്ടമെന്ന നിലയിലാണ് പാക് സൈന്യത്തിന്റെ സേവനം സൗദിക്ക് ലഭിക്കുകയെന്നാണ് പാകിസ്താന് പറഞ്ഞിരിക്കുന്നതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം പാകിസ്താനി ട്രൂപ്പുകളെ സൗദിയില്‍ വിന്യസിക്കുമെന്നാണ് വിവരം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡോണ്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല