1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2018

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): പ്രേക്ഷക ലോകത്തിന് മാസ്മരിക സംഗീത വിരുന്നുമായി ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 മ്യുസിക്കല്‍ റിയാലിറ്റി ഷോ മുന്നേറുകയാണ്. ആദ്യ സ്റ്റേജിലെ രണ്ട് റൗണ്ട്കളുടെയും സംപ്രേക്ഷണം പൂര്‍ത്തിയാകുമ്പോള്‍ പത്തു എപ്പിസോഡുകളിലായി പതിനഞ്ച് ഗായകര്‍, രണ്ടു വീതം ഗാനങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു. അത്യന്തം ആവേശകരമായ പത്താമത്തെ എപ്പിസോഡ് ഇതാ പ്രേക്ഷകസന്നിധിയിലേക്ക്.

കെ എസ് ചിത്രക്ക് 1986 ല്‍ ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലെ ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ട് ചുറ്റി’ എന്ന ഭാവതീവ്രമായ ഗാനവുമായാണ് ഈ എപ്പിസോഡിലെ ആദ്യ മത്സരാര്‍ത്ഥിയായ ജിസ്‌മോള്‍ ജോസ് എത്തുന്നത്. ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ ഇന്ത്യന്‍ സിനിമാ സംഗീത സംവിധായകരിലെ അതികായരില്‍ ഒരാളായ ബോംബെ രവി ഈണം നല്‍കിയ ഈ ഗാനം മലയാളികളുടെ മനസ്സില്‍ ഒരു കുളിരോര്‍മ്മയായി ഇന്നും ഊയലാടുന്നു. ഇഷ്ടഗാന റൗണ്ടില്‍ ‘മൗനസരോവരമാകെയുണര്‍ന്നു സ്‌നേഹമനോരഥവേഗമുയര്‍ന്നു’ എന്ന ഗാനം ആലപിച്ച ജിസ്‌മോള്‍ ഇതാ കെ എസ് ചിത്രയുടെ അവാര്‍ഡ് ഗാനങ്ങള്‍ നെഞ്ചിലേറ്റിയുള്ള സംഗീതയാത്ര തുടരുകയാണ്.

1970 1980 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ ഈ അവസാന എപ്പിസോഡിലെ അടുത്ത മത്സരാര്‍ത്ഥി വിനു ജോസഫ് ആണ്. ഇതിനകം തന്നെ സ്റ്റാര്‍സിംഗര്‍ 3 യിലെ ഭാവഗായകനെന്ന് പേരെടുത്തുകഴിഞ്ഞ വിനു ‘ധ്വനി’യിലെ ‘അനുരാഗ ലോലഗാത്രി, വരവായി നീലരാത്രി’ എന്ന ഗാനം ആലപിക്കുമ്പോള്‍ അനുഭൂതി സാന്ദ്രമായ ഒരു നീല രാത്രിയിലേക്ക് പ്രേക്ഷകര്‍ അറിയാതെ ആനയിക്കപ്പെടുന്നു. ‘ധ്വനി’യിലെ തന്നെ ‘ജാനകീ ജാനേ’ എന്ന സംസ്‌കൃത ഗാനം രചിച്ച യൂസഫലി കേച്ചേരിയുടെ തികച്ചും വ്യത്യസ്തവും ആര്‍ദ്രവുമായ ഈ വരികള്‍ക്ക് ഇന്ത്യന്‍ സിനിമയിലെ മറ്റൊരു സംഗീത ചക്രവര്‍ത്തിയായ നൗഷാദ് അലിയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

ഈ എപ്പിസോഡിന്റെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മനോഹാരിത ഇതിലെ മൂന്നു ഗാനങ്ങളുടെയും സംഗീത സംവിധായകര്‍ മലയാളികള്‍ അല്ല എന്നതാണ്. രവിശങ്കര്‍ ശര്‍മ്മ എന്ന ബോംബെ രവിക്കും നൗഷാദ് അലിക്കും ഒപ്പം മൂന്നാമത്തെ ഗാനത്തിന്റെ സംഗീത സംവിധായകന്‍ സലില്‍ ചൗധരിയാണ് എന്നത് മനോഹരമായ ഒരു സാധര്‍മ്മ്യം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, സ്‌നേഹമയി കേഴുകയാണോ നീയും’ എന്നഗാനം കൃപ മാരിയ ജോര്‍ജ് ആലപിക്കുമ്പോള്‍, ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ ജാനകിയമ്മയുടെ സ്വരമാധുരിയിലൂടെ ഹൃദയത്തിലേക്ക് സംക്രമിക്കുന്ന പരിണാമ തലത്തിലേക്ക് പ്രേക്ഷകര്‍ എത്തുന്നു.

സ്റ്റാര്‍സിംഗര്‍ 3 യുടെ രണ്ടാമത്തെ റൗണ്ടിന്റെ സംപ്രേക്ഷണം ഇവിടെ അവസാനിക്കുന്നു. തുടര്‍ച്ചയായ പത്തു ആഴ്ചകളിലൂടെ മുപ്പത് പാട്ടുകളുടെ സംഗീത പെരുമഴയാണ് പെയ്തുകൊണ്ടേയിരുന്നത്. മഴ പെയ്‌തൊഴിഞ്ഞിട്ടും മരം പെയ്തുകൊണ്ടേയിരിക്കുന്നു. എന്തായിരിക്കും അടുത്ത റൗണ്ട് എന്ന ആകാംക്ഷയിലാണ് പ്രേക്ഷക ലോകം. പതിനഞ്ച് പേരുടെ ഈ സംഗീതയാത്ര അടുത്ത റൗണ്ടില്‍ എത്തുമ്പോള്‍ പന്ത്രണ്ടായി ചുരുങ്ങുകയാണ്. സര്‍ഗാത്മകതയുടെ മാറ്റുരക്കല്‍ എന്നതിനൊപ്പം ഭാഗ്യ ദേവതയുടെ കടാക്ഷവും മുന്നോട്ടുള്ള യാത്രയില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഉണ്ടായേ തീരൂ. എല്ലാ പ്രേക്ഷകരുടെയും പ്രോത്സാഹനങ്ങളും ആശംസകളും തുടര്‍ന്നുള്ള റൗണ്ടുകളിലും ഉണ്ടാകണമേയെന്ന് അഭ്യര്‍ത്ഥിക്കുന്നു. പത്താമത്തെ എപ്പിസോഡ് താഴെ കാണാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.