1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2018

സ്വന്തം ലേഖകന്‍: വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന നടത്തുന്ന രൂക്ഷമായ വ്യോമാക്രമണത്തില്‍ 250 പേരെങ്കിലും കൊല്ലപ്പെട്ടതായും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നല്‍കി.

ഞായറാഴ്ച മുതല്‍ തുടരുന്ന ശക്തമായ ആക്രമണത്തില്‍ 57 കുട്ടികളും കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം 39 കുട്ടികള്‍ അടക്കം 12 പേരാണു കൊല്ലപ്പെട്ടത്. 2012 മുതല്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയാണു ദമാസ്‌കസിനുസമീപമുള്ള വിമതരുടെ അവസാന ശക്തികേന്ദ്രം.

പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സിറിയന്‍ സൈന്യം ഈ പ്രദേശം തിരിച്ചുപിടിക്കാന്‍ ഉടന്‍ കരയാക്രമണം കൂടി ആരംഭിക്കുമെന്നാണു സൂചന. പ്രദേശത്തെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. നാലു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. 2013 ഈ മേഖലയില്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചിരുന്നു.

അതേസമയം, അഫ്രിനില്‍ തുര്‍ക്കി സേന കടന്നാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ സിറിയന്‍ സര്‍ക്കാര്‍ അനുകൂല സേന നഗരത്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മേഖലയില്‍ തുര്‍ക്കി സേനയുമായി സിറിയന്‍ സൈന്യം ഏറ്റുമുട്ടാനുള്ള സാധ്യത വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.