സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി. ഇതു സംബന്ധിച്ച പ്രസിഡന്റ് അബ്ദുല്ല യമീന്റെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണു രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 38 എംപിമാര്‍ വോട്ടു ചെയ്ത് നിര്‍ദേശം പാസാക്കിയത്.
മാലദ്വീപിലെ ഭരണഘടന പ്രകാരം 43 പേരുടെ വോട്ടു ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അതും മറികടന്നു കൊണ്ടാണ് യമീന് അടിയന്തരാവസ്ഥ നീട്ടിയത്. അധികാരത്തിലുള്ള പ്രോഗ്രസീവ് പാര്‍ട്ടിയിലെ അംഗങ്ങളാണ് 38 പേരും. പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. പുതിയ സാഹചര്യത്തില്‍ മാര്‍ച്ച് 22 വരെ രാജ്യത്ത് അടിയന്തരാവസ്ഥ തുടരും.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണു മാലദ്വീപിലെ സ്ഥിതി വഷളാക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത അബ്ദുല്ല യമീന്, പ്രതിപക്ഷ നേതാവും മുന്‍പ്രസിഡന്റുമായ മൗമൂന്‍ അബ്ദുല്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല