സ്വന്തം ലേഖകന്‍: 21 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സിന്റെ മാതാപിതാക്കളുടെ സ്വപ്നം പൊലിയുന്നു; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാമെന്ന് കോടതി. ജനിച്ചപ്പോള്‍ മുതല്‍ തന്നെ അബോധാവസ്ഥയിലുള്ള അവസ്ഥയിലായിരുന്നു ആല്‍ഫി ഇവാന്‍സ്. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇതുവരെയും ആല്‍ഫിയുടെ ജീവന് നിലനിറുത്തിയിരുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാന്തിനാല് ആല്‍ഫിക്ക് ചികിത്സ നല്കുന്ന ആല്‍ഡര്‍ ഹെയ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന് ഇനിയും നിലനിറുത്തുന്നത് മനുഷ്യത്വ രഹിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ആല്‍ഫിയുടെ മാതാപിതാക്കളായ ടോം ഇവാന്സിന്റെയും കേറ്റിന്റെയും നിര്ബദ്ധത്തിന് വഴങ്ങിയാണ് ഇതുവരെയും ചികിത്സ നല്‍കിയത്. ഇനിയും ചികിത്സ തുടരുന്നത് ശരിയായ നിലപാടല്ലെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതര്‍ കോടതിയെ സമീപിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച കോടതിക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആല്‍ഫിക്ക് ഇനി മികച്ച രീതിയിലുള്ള പാലിയേറ്റിവ് കെയര്‍ ആണ് നല്‍കേണ്ടതെന്ന് കോടതി വിധിച്ചു. റോയല്‍ കോര്‍ട്ട് ഓഫ് ലണ്ടനില്‍ ജസ്റ്റിസ് ഹെയ്ഡനാണ് വിധി പുറപ്പെടുവിച്ചത്.
മാതാപിതാക്കളായ ടോമിനും കെയ്റ്റിനും ആല്‍ഫിയെ ജര്‍മ്മനിയിലെ മികച്ച ആശുപത്രിയില്‍ ചികിത്സിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. നേരത്തെ ജര്‍മ്മനിയില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരും ആല്‍ഫിയെ പരിശോധിച്ചിരുന്നു. എന്നാല്‍ ആല്‍ഫിയുടെ ജീവന് വേണ്ടി മരണം വരെ പോരാടുമെന്നും പിതാവ് ടോം പറഞ്ഞു. ആല്‍ഫിയുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് ചേര്‍ന്ന് ഒരു ക്യാമ്പയിന് ഗ്രൂപ്പും രൂപീകരിച്ചിരുന്നു.
കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകാന്‍ ആവശ്യമായ 10,000 പൗണ്ട് ശേഖരിക്കാനായി തുടങ്ങിയ സോഷ്യല്‍ മീഡിയ ക്യാമ്പയിനും മികച്ച പ്രതികരണമായിരുന്നു. കോടതി മുറിയില്‍ വിധി വായിച്ചു കേട്ട് പൊട്ടിക്കരഞ്ഞ ആല്‍ഫിയുടെ മാതാപിതാക്കള്‍ അവസാന ശ്വാസംവരെ മകനുവേണ്ടി പൊരുതെമെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല