സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന മധുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; മരണകാരണം തലക്കും നെഞ്ചിനും അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം. കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ (27) മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് മുക്കാലിയില്‍ ആദിവാസി സംഘടനകള്‍ തടഞ്ഞെങ്കിലും ചര്‍ച്ചയെ തുടര്‍ന്ന് വീണ്ടും യാത്ര ആരംഭിക്കുകയായിരുന്നു. പ്രാദേശിക നേതാക്കളും പൊലീസും പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.
അറസ്റ്റു ചെയ്ത പ്രതികളുടെ വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണു പ്രതിഷേധക്കാര്‍ പിന്മാറിയത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ആദിവാസി സംഘടനകളാണ് മൃതദേഹം തടഞ്ഞത്. വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണു മൃതദേഹം കൊണ്ടുപോയത്.
തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക പരിക്കാണ് ഏറെയും. ശരീരമാസകലം മര്‍ദനമേറ്റ പാടുണ്ട്. പൊലീസ് ലാത്തി പോലുള്ള വടികൊണ്ട് അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചനയുണ്ട്. വാരിയെല്ല് തകര്‍ന്ന ഭാഗത്തെ ശരീര പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ എല്ലാ പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇവരില്‍ 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരെക്കൂടി പിന്നീട് പിടികൂടി. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല