സ്വന്തം ലേഖകന്‍: പ്രശസ്ത നടി ശ്രീദേവി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു.
ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു. 1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. ജാഹ്നവി, ഖുഷി എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല