സ്വന്തം ലേഖകന്‍: വീട്ടുജോലിക്കെന്ന വ്യാജേന മലയാളി യുവതികളെ ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതികള്‍ക്ക് കഠിന തടവ്. കേസിലെ ഏഴു പ്രതികള്‍ക്കു സിബിഐ പ്രത്യേക കോടതി കഠിനതടവും പിഴയും വിധിച്ചു. പീഡനക്കുറ്റം, പെണ്‍വാണിഭം, വഞ്ചന, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളിലാണു ശിക്ഷ. പ്രതികള്‍ ചെയ്ത കുറ്റങ്ങള്‍ അനുസരിച്ച് 53 മുതല്‍ 19 വര്‍ഷം വരെ കഠിന തടവു ലഭിച്ചിട്ടുണ്ടെങ്കിലും ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതികളുടെ ജയില്‍വാസം ഏഴുമുതല്‍ 10 വര്‍ഷം വരെയേ ഉണ്ടാകൂ.
കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊട്ടിയറ കെ.വി. സുരേഷ് (52), മൂന്നാം പ്രതി കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സേതുലാല്‍ (ബഷീര്‍52) എന്നിവര്‍ക്കു 10 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി കാരുമാത്ര മഠത്തിവിളാകം ലിസി സോജ (47)നും ഏഴാം പ്രതി കൊടുങ്ങല്ലൂര്‍ എറിയാട് എ.പി. മനീഷി (37)നും പത്തുവര്‍ഷം കഠിന തടവും 2,04,000 രൂപ പിഴയും ശിക്ഷ ലഭിച്ചു. നാലാം പ്രതി വട്ടപ്പാറ ചിറ്റാഴ വി. അനില്‍കുമാര്‍ (49), അഞ്ചാം പ്രതി കട്ടപ്പന പി.വി. ബിന്ദു (31), ആറാം പ്രതി പുനലൂര്‍ മണിയാര്‍ ശാന്ത (46) എന്നിവര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 1.02 ലക്ഷം രൂപ പിഴയും വിധിച്ചു.
കേസിലെ മറ്റു പ്രതികളായ തിരുവനന്തപുരം വെള്ളയമ്പലം കെ. സുധര്‍മന്‍ (61), ചമ്പക്കര വര്‍ഗീസ് റാഫേല്‍ (49), ചാവക്കാട് പി.കെ. കബീര്‍ (58), തൃശൂര്‍ ചാഴൂര്‍ സിറാജ് (48), കൊല്ലം കിളികൊല്ലൂര്‍ എസ്. മുസ്തഫ (70), തൃശൂര്‍ താഹിറ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ തോട്ടുങ്കല്‍ ടി.എ. റഫീഖ് (സുനില്‍49), മലപ്പുറം ചേലേമ്പ്ര എം. രമേശന് (ബാബു44) എന്നിവരെ പ്രോസിക്യൂഷന് മാപ്പുസാക്ഷികളാക്കിയിരുന്നു.
നെടുമ്പാശേരി വഴി പെണ്‍വാണിഭ സംഘം ‘ജ്യോതി മോഹന്‍’ എന്ന വ്യാജപേരില്‍ കടത്തിയ കഴക്കൂട്ടം സ്വദേശിനി മസ്ക്കത്തില്‍ നിന്നു മടങ്ങി വരും വഴി 2012 ജൂലൈ അഞ്ചിനു മുംബൈ എയര്‍പോര്‍ട്ടില്‍ പിടിയിലായതോടെയാണു മനുഷ്യക്കടത്തു പുറംലോകം അറിഞ്ഞത്. ഇവര്‍ പെണ്‍വാണിഭ സംഘത്തിന്റെ ഇരയാണെന്നു ബോധ്യപ്പെട്ടതോടെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല