സ്വന്തം ലേഖകന്‍: എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്റ്റീഫന്‍ ഡോറലാണ് വിസാ നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന എന്‍ എച്ച് എസിനെ രക്ഷിക്കാന്‍ നിലവിലെ വിസാ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് സ്റ്റീഫന്‍ ഡോറല്‍ ആവശ്യപ്പെടുന്നത്.
പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നെത്തുന്ന വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് എന്‍ എച്ച് എസ് പ്രവര്‍ത്തനങ്ങളെ ഏറെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2008 സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബ്രിട്ടനിലേക്ക് കുടിയേറുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയായ ഡോറല്‍ നിലവില്‍ എന്‍ എച്ച് എസ് കോണ്‍ഫെഡറേഷന്‍ അധ്യക്ഷന്‍ കൂടിയാണ്.
തെരേസാ മേയ് ഹോം സെക്രട്ടറി ആയിരുന്നപ്പോള്‍ കുടിയേറ്റ നിയമത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് എന്‍ എച്ച് എസിന് തിരിച്ചടിയായത്. 2011ല്‍ മെയ് കൊണ്ട് വന്ന നിയമത്തില്‍ ടയര്‍ 2 വിസകളുടെ എണ്ണം വര്‍ഷത്തില്‍ 20,700 ആയി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ 2017 വരെയും വിസ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ സ്കില്‍ഡ് വര്‍ക്കേഴ്സിന് വിസ ലഭിക്കുന്നതിന് വേണ്ടിയിരുന്ന ശമ്പളം 30,000 ആയിരുന്നെങ്കില്‍ അത് ക്രമാതീതമായി കൂടി 46,000 ത്തിലേക്ക് എത്തിയതും ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല