സ്വന്തം ലേഖകന്‍: പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടമാക്കാനില്ല; ഭീകര വിഷയത്തില്‍ നയം വ്യക്തമാക്കി ചൈന. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ചൈനയുടെ മനം മാറ്റത്തിന് കാരണം. പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടപ്പെടാതിരിക്കാനാണ് എഫ്.എ.ടി.എഫ് യോഗത്തില്‍ പാകിസ്താനെ പിന്തുയ്ക്കാന്‍ ചൈന തയ്യാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പാകിസ്താനെതിരായ തീരുമാനമെടുക്കുന്ന യോഗത്തില്‍ ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഫെബ്രുവരി 20 ന് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ അമേരിക്ക നീക്കം നടത്തിയെങ്കിലും ചൈന, തുര്‍ക്കി, സൗദി അറേബ്യ എന്നിവര്‍ ഒരുമിച്ച് എതിര്‍ത്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി 22 ന് വിഷയം വീണ്ടും അമേരിക്ക മുന്നോട്ടു വെച്ചപ്പോള്‍ സൗദി പിന്‍വാങ്ങുകയും ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പാകിസ്താനെ പിന്തുണച്ചാലും പരാജയപ്പെടുമെന്ന് കണ്ടാണ് മുഖം നഷ്ടപ്പെടുത്താന്‍ തയ്യാറാകാതെ ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഗ്രേ ലിസ്റ്റില്‍ പെട്ടതോടെ പാകിസ്താന്റെ നടപടികള്‍ കൂടുതല്‍ നിരീക്ഷണ വിധേയമാകും. തൃപ്തികരമല്ലെന്നു കണ്ടാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുക എന്ന അവസ്ഥയിലേക്ക് പാകിസ്താനെത്തിച്ചേരും.
2012 ലായിരുന്നു പാകിസ്താന്‍ ഇതിന് മുമ്പ് എഫ്.എ.ടി.എഫ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 2015 ല്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. അതിനാല്‍ 2015 ല്‍ രക്ഷപ്പെടാന്‍ സ്വീകരിച്ച നടപടികള്‍ ആവര്‍ത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാകും. മേയില്‍ ഇവ സമര്‍പ്പിക്കും. ഇവ ജൂണില്‍ ചേരുന്ന യോഗത്തില്‍ എഫ്.എ.ടി.എഫ് അംഗീകരിക്കുകയാണെങ്കില്‍ പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍ തുടരും. തള്ളിക്കളഞ്ഞാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല