സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ മ്യാന്മര്‍ സൈനിക മേധാവികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍. സൈനിക ജനറല്‍മാര്‍ക്കെതിരായ ഉപരോധങ്ങളില്‍ തീരുമാനമെടുക്കാനും മ്യാന്മര്‍ സര്‍ക്കാറിനെതിരെ ആയുധ ഉപരോധം ശക്തിപ്പെടുത്താനും ബ്രസല്‍സില്‍ തിങ്കളാഴ്ച ചേര്‍ന്ന ഇയു ഉന്നതതല യോഗം അനുമതി നല്‍കി.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രവിലക്കും ആസ്തി മരവിപ്പിക്കലും ഉള്‍പ്പെടെ നടപടികളാണ് സ്വീകരിക്കുക. യു.എസും കാനഡയും നേരത്തേ സൈനിക മേജര്‍ മോങ് മോങ് സോയെ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളും വിലക്കേര്‍പ്പെടുത്തുന്നത്. ഒന്നിലേറെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
സൈനിക അടിച്ചമര്‍ത്തല്‍ ശക്തിയായതിനെ തുടര്‍ന്ന് 1990കളില്‍ മ്യാന്മറിനെതിരെ ഏര്‍പ്പെടുത്തിയ ആയുധ ഉപരോധമാണ് ഇതോടൊപ്പം ശക്തിപ്പെടുത്തുന്നത്. മ്യാന്മറിലെ രാഖൈനില്‍ മുസ്‌ലിം ഭൂരിപക്ഷമായ റോഹിങ്ക്യകളെ കൂട്ടക്കുരുതി നടത്തിയതിന്റെ തെളിവായി കൂട്ടക്കുഴിമാടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരായ അക്രമം വംശഹത്യയാണെന്ന് യു.എന്നും യു.എസും പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല