സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ നോക്കുകുത്തിയാക്കി സിറിയയില്‍ ചോരപ്പുഴ; അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തലിന് ഉത്തരവിട്ട് പുടിന്‍. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തിലുള്ള ഈസ്റ്റേണ്‍ ഗൂട്ടായില്‍ ഇന്നുമുതല്‍ എല്ലാ ദിവസവും അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തലിനു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു അറിയിച്ചു. രാവിലെ ഒന്പതുമുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് ആക്രമണം നിര്‍ത്തിവയ്ക്കുക.
വിമതരുടെ നിയന്ത്രണത്തിലുള്ള ഈസ്റ്റേണ്‍ ഗൂട്ടായിലെ ജനങ്ങള്‍ക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിനും സിവിലിയന്മാര്‍ക്ക് യുദ്ധമേഖലയില്‍നിന്നു സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിനും വേണ്ടിയാണിത്. സിവിലിയന്മാരെ ഒഴിപ്പിച്ചുമാറ്റാന്‍ റഷ്യ സഹായിക്കും. ഇതിനായി പ്രത്യേക ജീവകാരുണ്യ ഇടനാഴി സ്ഥാപിക്കുന്നതാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നു ഷോയിഗു വ്യക്തമാക്കി.
റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സൈന്യം ഈസ്റ്റേണ്‍ ഗൂട്ടായില്‍ നടത്തുന്ന കര, വ്യോമാക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കകം 120 കുട്ടികള്‍ ഉള്‍പ്പെടെ 540 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ശനിയാഴ്ച യുഎന്‍ രക്ഷാസമിതി ഏകകണ്ഠമായി മുപ്പതുദിവസത്തെ വെടിനിര്‍ത്തലിനുള്ള പ്രമേയം പാസാക്കി. എന്നാല്‍ ഇതിനുശേഷവും സിറിയന്‍ സൈന്യം ആക്രമണം തുടരുകയാണ്.
ഈസ്റ്റേണ്‍ ഗൂട്ടായില്‍ നിന്നു വിമതര്‍ ഡമാസ്‌കസിലേക്കു റോക്കറ്റ് ആക്രമണവും നടത്തുന്നുണ്ട്. സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണിത്. ഭീകരഗ്രൂപ്പുകള്‍ക്കും ഇവിടെ സ്വാധീനമുണ്ട്.കഴിഞ്ഞ ദിവസം മാത്രം 29 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഇതോടെ പട്ടണത്തില്‍ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കവിഞ്ഞു.
സിറിയയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈസ്റ്റേണ്‍ ഗൂട്ടാ ഭൂമിയിലെ നരകമായി മാറിയിരിക്കുകയാണ്. ഇവിടെ കുടുങ്ങിയിട്ടുള്ള നാലുലക്ഷത്തോളം സിവിലിയന്മാരുടെ ജീവിതം ദുരിതത്തിലാണ്. ഇന്നലെ ഡൂമായില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒന്പതുപേര്‍ കൊല്ലപ്പെട്ടെന്നു വൈറ്റ് ഹെല്‍മറ്റ്‌സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല