സ്വന്തം ലേഖകന്‍: സിറിയയില്‍ വീണ്ടും വിഷവാതക പ്രയോഗം; പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി പിടയുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പലര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നൂറോളം കുരുന്നുകളാണ് ഒരു മാസത്തിനിടെ ബോംബാക്രമണത്തെത്തുടര്‍ന്നു യുദ്ധഭൂമിയില്‍ മരിച്ചുവീണത്. രാസായുധ പ്രയോഗത്തില്‍ 14 പേര്‍ക്കു പരുക്കേറ്റു. ഒരു കുട്ടി കൊല്ലപ്പെട്ടു. ഈ കുരുന്നിന്റെ ചലനമറ്റ ശരീരവുമായി ഡോക്ടര്‍മാര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
25നു നടന്ന ആക്രമണത്തില്‍ ക്ലോറിന്‍ ബോംബുകള്‍ ഉപയോഗിച്ചെന്നാണു പരാതി. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കു മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യുഎസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിമതര്‍ക്കെതിരെ ഏഴു വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഏറ്റവും ശക്തമായ ആക്രമണമാണ് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം അഴിച്ചുവിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല