സ്വന്തം ലേഖകന്‍: ട്രംപിന്റെ മരുമകന്‍ കുഷ്‌നറെ തരംതാഴ്ത്തി അധികാരങ്ങള്‍ വെട്ടിക്കുറച്ചു; ഇനി അതീവ പ്രാധാന്യമുള്ള രഹസ്യങ്ങള്‍ അറിയാനാകില്ല. ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജാരദ് കുഷ്‌നര്‍ക്ക് ഇനി മുതല്‍ രാജ്യത്തിന്റെ ഉന്നത രഹസ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് തീരുമാനമായതായി റിപ്പോര്‍ട്ട്. രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തല്‍ നടപടി.
മാസങ്ങള്‍ നീണ്ട പശ്ചാത്തല പരിശോധനക്കു ശേഷമാണ് നടപടി. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവായ കുഷ്‌നര്‍ക്ക് പ്രസിഡന്റിന്റെ ദൈനംദിന പത്രക്കുറിപ്പുകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും കൈകാര്യം ചെയ്യാന്‍ അവസരമുണ്ടായിരുന്നു. വെള്ളിയാഴ്ചയുണ്ടായ തരംതാഴ്ത്തലോടെ ഇത് നിലക്കും. പ്രസിഡന്റിന്റെ കുടുംബാംഗങ്ങള്‍ എന്ന നിലക്ക് കുഷ്‌നര്‍ക്കും ഇവാന്‍കക്കും വൈറ്റ് ഹൗസില്‍ പ്രത്യേക പരിഗണന ലഭിച്ചുവന്നിരുന്നു.
വിദേശ ഇടപാടുകളെക്കുറിച്ചുണ്ടായ ആരോപണങ്ങളിലും സാമ്പത്തികക്കുരുക്കുകളിലും അകപ്പെട്ടതിനെത്തുടര്‍ന്ന് കുഷ്‌നറുടെ പ്രതിച്ഛായക്ക് അടുത്തിടെ മങ്ങലേറ്റിരുന്നു. യു.എസിന്റെ പശ്ചിമേഷ്യയിലെ സമാധാന ദൗത്യങ്ങളുടെ ചുമതലക്കാരനാണ് കുഷ്‌നര്‍. കൂടാതെ ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായി കൂടിയാണ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവായ കുഷ്‌നര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല