സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയിലെ ദൊക്ലയില്‍ സ്ഥിതി വീണ്ടും വഷളാകുന്നതായി സൂചന നല്കി കേന്ദ്രം. എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാവുകയാണെന്നും എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് റാംറാവു ഭാംറെ പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടതെല്ലാം ചെയ്യും.
ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലേക്ക് ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പാക്കിസ്ഥാൻ തുടർച്ചയായി ശ്രമിക്കുന്നതായും ഇന്ത്യൻ സൈന്യത്തിന്റെ ഒരു സെമിനാറിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. “അതിർത്തികളിൽ സ്ഥിരമായുണ്ടാകുന്ന പ്രശ്നങ്ങൾ കാരണമാണ് ഇന്ത്യ കൂടുതൽ ശക്തമായ ആയുധങ്ങൾ ശേഖരിക്കുന്നത്. അതിർത്തിയിൽ നിരവധി സുരക്ഷാ വെല്ലുവിളികൾ രാജ്യത്തിനുണ്ട്. സൈന്യത്തെയും ജനങ്ങളെയും ലക്ഷ്യമാക്കി വെടിനിർത്തല്‍ കരാർ ലംഘനങ്ങളും വർധിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള മതമൗലിക വാദവും വെല്ലുവിളിയുയർത്തുന്നു,” ഭാംറെ പറഞ്ഞു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ടു ഇന്ത്യയും ചൈനയും തമ്മിൽ 73 ദിവസത്തെ യുദ്ധസമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ വർഷം ദോക്ലാമിലുണ്ടായിരുന്നത്. പിന്നീട് ഇരു സേനകളും പിൻവലിയുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദോക്ലാമിൽ ചൈന സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. പാക്കിസ്ഥാൻ അതിർത്തിയെക്കാൾ ഇന്ത്യ ശ്രദ്ധിക്കേണ്ടത് ചൈനീസ് അതിർത്തിയാണെന്നു സൈനിക മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല