സ്വന്തം ലേഖകന്‍: സിറിയയിലെ കുരുന്നു ജീവനുകളുടെ കുരുതി തടയുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും തികഞ്ഞ പരാജയം; രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ‘സിറിയയിലെ സാധാരണക്കാര്‍ക്കു സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്കു പിന്തുണ നല്‍കുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും തികഞ്ഞ പരാജയമാണ്,’ യുഎന്‍ പ്രതിനിധി ജാന്‍ എഗെലന്‍ഡ് തുറന്നടിച്ചു. 11 ദിവസമായി തുടരുന്ന ബോംബാക്രമണത്തില്‍ സിറിയയിലെ കിഴക്കന്‍ ഗൂട്ട തകര്‍ന്നു തരിപ്പണമായ സാഹചര്യത്തിലാണ് അംഗരാജ്യങ്ങള്‍ക്കു നേരെ യുഎന്നിന്റെ രൂക്ഷവിമര്‍ശനം.
കുരുന്നുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു മരിച്ചുവീഴുന്നത്. എന്നിട്ടും ഗൂട്ടായില്‍ സഹായമെത്തിക്കാനാകുന്നില്ല. വിമതസേനയുടെ അവസാന ശക്തികേന്ദ്രമായ കിഴക്കന്‍ ഗൂട്ടാ പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യം തീവ്രശ്രമത്തിലാണ്. ഈ പോരാട്ടത്തിനിടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതാകട്ടെ നാലു ലക്ഷത്തോളം ജനങ്ങളും. ഇവരില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്നു പോലും അറിയില്ല.
റഷ്യന്‍ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം. ദിവസവും അഞ്ചു മണിക്കൂര്‍ നേരത്തേക്ക് റഷ്യ വെടിനിര്‍ത്തലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയും രൂക്ഷമായ ഭാഷയിലാണ് യുഎന്‍ വിമര്‍ശിച്ചത്. സാധാരണക്കാരെ യുദ്ധമേഖലയില്‍ നിന്നു രക്ഷപ്പെടുത്താനും അവിടേക്ക് മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനും അഞ്ചു മണിക്കൂര്‍ കൊണ്ട് എങ്ങനെ സാധിക്കുമെന്നാണ് യുഎന്നിന്റെ ചോദ്യം.
യുഎന്നിന്റെ 43 ട്രക്കുകളാണ് കിഴക്കന്‍ ഗൂട്ടായിലേക്കു സിറിയയുടെ യാത്രാനുമതി കാത്ത് കിടക്കുന്നത്. ഇവ തിരിച്ചു വരുന്ന മുറയ്ക്ക് ചരക്കുകള്‍ നിറയ്ക്കാന്‍ തക്കവിധം സംഭരണശാലകളിലും വിഭവങ്ങളും മരുന്നുകളും ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. മേഖലയില്‍ 30 ദിവസം നീളുന്ന വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമങ്ങളും യുഎന്‍ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് യുഎന്‍ സുരക്ഷാകൗണ്‍സില്‍ ശനിയാഴ്ച പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ ഗുട്ടായിലെ രണ്ട് ആശുപത്രികള്‍ വിമതര്‍ ബോംബിട്ടു തകര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല