സ്വന്തം ലേഖകന്‍: യൂറോപ്പില്‍ അതിശൈത്യം തുടരുന്നു; മരിച്ചവരുടെ എണ്ണം 48 ആയി, പല രാജ്യങ്ങളിലും താപനില പൂജ്യത്തിനും താഴെ 20 ഡിഗ്രിയിലെത്തി. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസം രണ്ടു പേര് തണുത്തുറഞ്ഞ തടാകത്തില്‍ വീണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും താപനില പൂജ്യത്തിനു താഴെ 20 സെല്‍ഷ്യസില്‍ എത്തിയത് ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്.
വരുന്ന 48 മണിക്കൂര്‍കൂടി യുറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. മഞ്ഞുമൂടിയതിന്റെ തുടര്‍ന്ന് സ്കോട്ലന്‍ഡിലെ ഗ്ലാസ് ഗോ വിമാനത്താവളം അടച്ചു. എഡിന്ബറോയില്നിന്നുള്ള ഒട്ടുമിക്ക വിമാനസര്‍വീസുകളും നിറുത്തിവച്ചിരിക്കുകയാണ്. ഇവിടുത്തെ റോഡ് ഗതാഗതവും താറുമാറായി.
അത്യന്തം മോശമായ സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും ജനസുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും സ്കോട്ടിഷ് നേതാവ് നിക്കോളാ സ്റ്റര്ജന് ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലും ഇറ്റലി, പോര്‍ച്ചുഗല്‍, കൊസോവ, പടിഞ്ഞാറന്‍ ബോസ്നിയ, അല്‍ബേനിയ എന്നിവിടങ്ങളിലും സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല