സ്വന്തം ലേഖകന്‍: ആണവായുധങ്ങള്‍ വാരിക്കൂട്ടുന്ന റഷ്യയുടെ നീക്കം ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണെന്ന് യുഎസ്. ലോകത്ത് എവിടെയുമെത്തുന്ന അപ്രതിരോധ്യ ആണവമിസൈല്‍ ഉള്‍പ്പെടെ പുത്തന്‍ ആയുധങ്ങള്‍ കൈവശമുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണു റഷ്യയുടെ നടപടിയെന്നും ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും പ്രഖ്യാപിച്ചു.
ആണവോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന ക്രൂസ് മിസൈല്‍ ഉള്‍പ്പെടെ ഭൂഖണ്ഡാന്തര മിസൈല്‍ ശേഖരം റഷ്യയ്ക്കുണ്ടെന്നായിരുന്നു, 18നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സമ്മേളനത്തില്‍ പുടിന്റെ പ്രഖ്യാപനം. പരമ്പരാഗത ഇന്ധനങ്ങള്‍ക്കു പകരം ആണവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകള്‍ മറ്റെങ്ങുമില്ലെന്നും യുഎസിന്റേത് ഉള്‍പ്പെടെ ഏതു മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ലോകത്തെവിടെയും ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ളതാണീ മിസൈലുകളെന്നും പുടിന്‍ അവകാശപ്പെട്ടു.
ഇതിന്റെ മാതൃകയെന്നു കരുതുന്ന ചില വിഡിയോ ദൃശ്യങ്ങളും സമ്മേളനവേദിയില്‍ അവതരിപ്പിച്ചു. യുഎസിലെ നഗരമായ ഫ്‌ലോറിഡയുടെ ഭൂപടത്തിനു മുകളില്‍ മിസൈല്‍ പറക്കുന്ന ദൃശ്യമായിരുന്നു അതിലൊന്ന്. റഷ്യയുടെ കൈവശമുള്ള ഇത്തരം ആയുധങ്ങള്‍ മറ്റാര്‍ക്കുമില്ലെന്നു പുടിന്‍ അവകാശപ്പെട്ടു. അവരതു കണ്ടുപിടിക്കുമ്പോഴേക്കും മറ്റു നൂതന ആയുധങ്ങള്‍ റഷ്യ സ്വന്തമാക്കിക്കഴിയും. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ആണവ ഡ്രോണ്‍, സൂപ്പര്‍ സോണിക് ലേസര്‍ ആയുധങ്ങള്‍ തുടങ്ങിയവയാണു റഷ്യ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട മറ്റു പ്രതിരോധ സാമഗ്രികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല