സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; ചാന്‍സലറായി മെര്‍ക്കലിന്റെ സത്യപ്രതിജ്ഞ പത്തു ദിവസത്തിനകം. അംഗല മെര്‍ക്കലിനെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ ചാന്‍സലര്‍ പദവിയില്‍ മെര്‍ക്കലിന് നാലാം ഊഴം ഉറപ്പായി.
മെര്‍ക്കല്‍ ചാന്‍സലറായുള്ള വിശാലമുന്നണി യാഥാര്‍ഥ്യമാകാനുള്ള അവസാന കടമ്പ എസ്പിഡി പാര്‍ട്ടി അണികളുടെ ഹിതപരിശോധനയായിരുന്നു. ഹിതപരിശോധനയില്‍ ഇന്നലെ അണികളില്‍ മൂന്നില്‍ രണ്ടുപേര്‍ സമ്മതം നല്‍കിയതോടെയാണ് എസ്പിഡി മെര്‍ക്കലിന്റെ യാഥാസ്ഥിതിക കക്ഷിയോടൊപ്പം വിശാലമുന്നണിയുടെ ഭാഗമാകാന്‍ അവസാനതീരുമാനം എടുത്തത്.
സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്പിഡി അടുത്തകാലത്തുണ്ടായതില്‍ ഏറ്റവും മോശപ്പെട്ട പ്രകടനമാണു കാഴ്ച വച്ചത്. അതുകൊണ്ടുതന്നെ മെര്‍ക്കലിന്റെ നിഴലായി വീണ്ടും നാലു വര്‍ഷം തുടരാന്‍ എസ്പിഡി നേതൃത്വത്തിനു താല്‍പര്യമില്ലായിരുന്നു. അവര്‍ വിശാലമുന്നണിയുടെ ഭാഗമാകാതെ മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണു ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.
മറ്റു രണ്ടു ചെറുപാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തി അധികാരത്തില്‍ തുടരാന്‍ മെര്‍ക്കല്‍ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. ഈ സാഹചര്യത്തിലാണ് അണികളുടെ സമ്മതത്തോടെ മെര്‍ക്കലിനെ പിന്തുണയ്ക്കാന്‍ എസ്പിഡി തയാറായിരിക്കുന്നത്. എസിപിഡിയുടെ തീരുമാനത്തെ കഴിഞ്ഞ അഞ്ചു മാസമായി ആക്ടിങ് ചാന്‍സലറായി തുടരുന്ന മെര്‍ക്കല്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല