സ്വന്തം ലേഖകന്‍: ഇയു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതിയുമായി ട്രംപ്; തീരുവ പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ച തുടരണമെന്ന് ട്രംപിനോട് ബ്രിട്ടന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസിലെത്തുന്ന ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്തിയ വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് യൂറോപ്പില്‍നിന്നുള്ള കാറുകളെയും പുതിയ തീരുവപ്പട്ടികയില്‍ പെടുത്താന്‍ നീക്കം.
ബുദ്ധിശൂന്യമായ വ്യാപാരക്കരാറുകളുടെ ആനുകൂല്യം യൂറോപ് അമേരിക്കക്കുമേല്‍ വര്‍ഷങ്ങളായി പ്രയോജനപ്പെടുത്തിവരുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. യു.എസ് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും നികുതി ചുമത്താനാണ് നീക്കം. പുതിയ പ്രഖ്യാപനത്തില്‍ യൂറോപ്പിനു പുറമെ, അമേരിക്കയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളും അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന തുടങ്ങിയ സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികാരമായി യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കുമേല്‍ 25 ശതമാനം തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂനിയനും തീരുമാനിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 350 കോടി ഡോളറിന്റെ ഇറക്കുമതിയാണ് യു.എസില്‍നിന്ന് യൂറോപ്പിലെത്തുന്നത്. ഇവയെ നികുതിപ്പട്ടികയില്‍ പെടുത്തുന്നത് യു.എസിന് തിരിച്ചടിയാകും. അമേരിക്കയുടെ ബ്രാന്‍ഡഡ് ഉല്‍പന്നമായ ലെവിസ്, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ തുടങ്ങിയവ അധിക നികുതിപ്പട്ടികയില്‍ വരും. എന്നാല്‍, പ്രതിവര്‍ഷം 80,000 കോടി ഡോളറിന്റെ വ്യാപാരക്കമ്മി യു.എസിനുണ്ടെന്നും ഇത് ബുദ്ധിശൂന്യമായ വ്യാപാര ഇടപാടുകള്‍ മൂലമാണെന്നുമാണ് ട്രംപിന്റെ വാദം.
യൂറോപ് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ നാലിലൊന്നും യു.എസിലേക്കാണ്19,200 കോടി ഡോളറാണ് വിപണി മൂല്യം. ഇതിലേറെയും ജര്‍മന്‍ കാറുകളാണ്. ട്രംപിന്റെ നിലപാടില്‍ യു.എസിലെ സംഘടനകള്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ‘അമേരിക്ക ഒന്നാമത്’ എന്ന ട്രംപ് നയത്തിന്റെ ഭാഗമായി വ്യാപാര ഇടപാടുകളില്‍ യു.എസ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയിലുണ്ടാക്കിയ പ്രതിസന്ധിയും യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാക്കിയ ആശങ്കയും പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ബ്രിട്ടന്റെ അഭ്യര്‍ഥന. ഇന്നലെ പ്രസിഡന്റ് ട്രംപിനെ ഫോണില്‍ വിളിച്ചാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടന്റെ ആശങ്കയും അഭിപ്രായവും അറിയിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മില്‍ ഇതിന്റെ പേരില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും തെരേസ മേ അഭ്യര്‍ഥിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ സിറിയന്‍ പ്രശ്‌നവും വിഷയമായെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല