സ്വന്തം ലേഖകന്‍: ഇന്ത്യയെ കടത്തിവെട്ടാന്‍ ചൈനയുടെ ഭീമന്‍ പ്രതിരോധ ബജറ്റ്; വര്‍ധന ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരട്ടി. കഴിഞ്ഞ മൂന്നു വര്‍ഷം ചെലവിട്ടതിനേക്കാള്‍ കൂടുതലാണിത്. ഇത്തവണത്തെ ബജറ്റ് 17,500 കോടി ഡോളറിന്റേതാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 8.1% വര്‍ധന. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം മാത്രമായിരുന്നു വര്‍ധന.
ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ഈ വര്‍ഷത്തെ വിഹിതം. ഇന്ത്യയുടെ അവസാനത്തെ പ്രതിരോധ ബജറ്റ് 4,600 കോടി ഡോളര്‍ മാത്രമായിരുന്നു. പ്രതിരോധച്ചെലവില്‍ ലോകത്തു മുന്നില്‍ നില്‍ക്കുന്ന അമേരിക്ക 2019ല്‍ ചെലവഴിക്കാന്‍ പോകുന്നത് 68,600 കോടി ഡോളറാണ്.
പുതുതായി രണ്ടു വിമാനവാഹിനിക്കപ്പലുകള്‍ നിര്‍മിക്കുന്നതിനു പുറമെ, അത്യാധുനിക പോര്‍വിമാനങ്ങള്‍ വാങ്ങുക കൂടി ചെയ്യുന്നതിനാലാണു ചൈനയുടെ ബജറ്റ് ഇത്രയും വര്‍ധിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അ!ഞ്ചു വര്‍ഷം വീതം പരമാവധി രണ്ടു തവണയേ ഒരാള്‍ക്കു പ്രസിഡന്റാകാനാകൂ എന്ന ഭരണഘടനാ വകുപ്പു ഭേദഗതി ചെയ്ത് ആജീവനാന്ത അധികാരം നിലനിര്‍ത്താന്‍ ഷി ചിന്‍പിങ്ങ് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഭീമന്‍ ബജറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല