സ്വന്തം ലേഖകന്‍: മലയാളി ഉള്‍പ്പെടെ എട്ടു പേരുടെ ജീവനെടുത്ത എം 1 മോട്ടോര്‍വേ അപകടത്തില്‍ ലോറി ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി. കഴിഞ്ഞ ആഗസ്‌റ് 26 വെളുപ്പിനാണ് നാണ് എം 1 മോട്ടോര്‍വേയില്‍ വാഹനാപകടത്തില്‍ നോട്ടിംഗ്ഹാമിലെ മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടത്. ലോറി ഡ്രൈവര്‍മാരില്‍ രണ്ടാമത്തെയാള്‍ വിചാരണ നേരിടുകയാണ്. റിസാന്‍ഡ് മസീറക് എന്ന ഡ്രൈവര്‍ ഓടിച്ചിരുന്ന ലോറി പന്ത്രണ്ട് മിനിറ്റോളം ഹാര്‍ഡ് ഷോള്‍ഡറില്‍ നിറുത്തിയിട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
പതിവിലും തിരക്കുണ്ടായിരുന്ന ഹൈവേയില്‍ സിറിയക് ഓടിച്ചിരുന്ന മിനിബസ് ലോറി മുന്നോട്ട് എടുക്കുന്നത് കണ്ട് വേഗത കുറച്ചപ്പോള്‍ പുറകില്‍ നിന്ന് വന്ന മറ്റൊരു ലോറി മിനിബസില്‍ ഇടിക്കുകയായിരുന്നു. സിറിയക്കിനെക്കൂടാതെ പതിനൊന്ന് യാത്രക്കാരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മിനിബസ് പാടെ തകര്‍ന്ന് സിറിയക് ഉള്‍പ്പെടെ ആറ് പുരുഷന്മാരും രണ്ടു സ്ത്രീകളും അപകടത്തില്‍ കൊല്ലപ്പെട്ടു. നാല് വയസ്സായ പെണ്കുഞ്ഞു ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
റിസാന്‍ഡ് ഓടിച്ചിരുന്ന ലോറി അലക്ഷ്യമായി മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. കൂടാതെ ഇയ്യാള്‍ മദ്യപിച്ചാണ് ട്രക്ക് ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടതിനും നാല് പേര്‍ക്ക് പരിക്കേറ്റതിനും കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. അതേസമയം പുറകില്‍ നിന്ന് വന്നിടിച്ച ലോറിയുടെ ഡ്രൈവര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള വാഗ്സ്റ്റാഫ് വിചാരണ നേരിടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല