സ്വന്തം ലേഖകന്‍: ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു; 49 മരണം. ബംഗ്ലദേശിലെ ധാക്കയില്‍ നിന്നുള്ള യാത്രാവിമാനം നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ യുഎസ്–ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്കു നിരങ്ങിനീങ്ങി തീപിടിക്കുകയായിരുന്നു.
വിമാനത്തില്‍ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. ഇവരില്‍ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരാണു മരിച്ചതെന്നു സൈനിക വക്താവ് ഗോകുല്‍ ഭണ്ഡാരി പറഞ്ഞു. 49 പേര്‍ കൊല്ലപ്പെട്ടതായി കഠ്മണ്ഡു മെട്രോപൊലിറ്റന്‍ പൊലീസ് റേഞ്ച് ഓഫിസ് വക്താവ് ബിശ്വരാജ് പൊഖറേല്‍ സ്ഥിരീകരിച്ചു. ശേഷിക്കുന്നവരില്‍ പലരുടെയും നില ഗുരുതരമാണ്.
വിമാനയാത്രികരില്‍ 33 പേര്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. ബംഗ്ലദേശില്‍ നിന്നു 32 പേരും ചൈനയില്‍ നിന്ന് ഒരാളും ഒരു മാലദ്വീപ് സ്വദേശിയുമാണു മറ്റു യാത്രക്കാര്‍. സാങ്കേതിക കാരണങ്ങളാലാണ് അപകടമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, അപകടത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല