സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനിടെ യുഎസ് കയറ്റുമതി ചെയ്ത ആയുധങ്ങളില്‍ പകുതിയും ആഭ്യന്തര യുദ്ധം കത്തിപ്പടരുന്ന പശ്ചിമേഷ്യയിലേക്ക്. 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ആഗോള ആയുധകയറ്റുമതിയില് 10 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ യു.എസിന്റെ വര്‍ധന 25 ശതമാനമാണെന്നും സ്റ്റോക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 98 രാജ്യങ്ങളിലേക്കാണ് യു.എസ് ആയുധങ്ങള്‍ കയറ്റി അയച്ചത്.
ഇതില്‍ ഏറ്റവും മുന്നില്‍ സൗദി അറേബ്യയിലേക്കാണ്. ആഗോള ആയുധ കയറ്റുമതിയുടെ മൂന്നിലൊന്നും നടത്തുന്നത് യു.എസാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം സ്ഥാനത്തുള്ള റഷ്യയുടെ കയറ്റുമതി സമാന കാലയളവില്‍ 7.1 ശതമാനം കുറവ് രേഖപ്പെടുത്തി. റഷ്യയെക്കാള്‍ അമേരിക്കയുടെ വിഹിതം 58 ശതമാനം കൂടുതലാണ്. ഫ്രാന്‍സ്, ജര്‍മനി, ചൈന, ബ്രിട്ടന് എന്നിവ പിറകിലുണ്ട്. യു.എസ് സാമ്പത്തിക സഹായത്തോടെ പശ്ചിമേഷ്യയില്‍ വന്‍സാന്നിധ്യമായി തുടരുന്ന ഇസ്രായേല്‍ ആയുധ കയറ്റുമതിയില്‍ എട്ടാം സ്ഥാനത്താണ്. യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവയാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍.
1990 കള്‍ക്കുശേഷം അമേരിക്കയുടെ ആയുധ കയറ്റുമതിയില്‍ രേഖപ്പെടുത്തിയ വന്‍വര്‍ധനയാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സംഘടനയുടെ ഡയറക്ടര്‍ ഡോ. ഓഡി ഫ്ല്യൂറന്റ് പറഞ്ഞു. 2011 ലെ മുല്ലപ്പൂ വിപ്ലവത്തോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ പശ്ചിമേഷ്യയിലേക്കാണ് മൊത്തം ആയുധ ഇറക്കുമതിയുടെ 32 ശതമാനവും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവിടെയെത്തിയ ആയുധങ്ങള്‍ ഇരട്ടിയായി. യു.എസിനു പുറമെ യു.കെ, ഫ്രാന്‍സ് എന്നിവയാണ് ഇവ നല്കിയതെങ്കില് സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ എന്നിവയാണ് പ്രധാനമായി കൈപ്പറ്റിയത്.
ബ്രിട്ടന് നടത്തുന്ന ആയുധ കയറ്റുമതിയുടെ പകുതിയോളം സൗദിയിലേക്കാണ്. യമനില്‍ ഹൂതിവിരുദ്ധ നീക്കവുമായി സൗദി സഖ്യസേന സജീവമായതോടെയാണ് ആയുധ ഇറക്കുമതിയും കൂടിയത്. 78 യുദ്ധവിമാനങ്ങള്‍, യുദ്ധത്തിലുപയോഗിക്കുന്ന 72 ഹെലികോപ്ടറുകള്‍, 328 ടാങ്കുകള്‍ എന്നിവ സൗദി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാനാകട്ടെ ആയുധ ഇറക്കുമതിയില്‍ ഏറെ പിന്നിലാണ്. മേഖലയിലെ ആകെ ഇറക്കുമതിയുടെ ഒരു ശതമാനം ആയുധങ്ങള്‍ മാത്രമാണ് ഇറാന് വാങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല