രശ്മി പ്രകാശ്: മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ ഇഷ്ട ഗായകന് ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ യുകെയില്‍ മൂന്ന് വേദികളില്‍ അവതരിക്കപ്പെടും. യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉതകുന്ന രീതിയിയിലുള്ള ക്രമീകരണമാണ് ഇതിനുവേണ്ടി ചെയ്തിരിക്കുന്നത്. മെയ് 25 ന് ഗ്ലാസ്ഗോയിലും, 26ന് ലെസ്റ്ററിലും 28ന് ലണ്ടനിലും പരിപാടി അരങ്ങേറും. മലയാള ചലച്ചിത്ര, നാടക, ലളിത, ഭക്തി ഗാന ശാഖക്ക് ശ്രീ ജി വേണുഗോപാല്‍ നല്കിയ സംഭാവനയ്ക്ക് യുകെയിലെ മലയാളികള്‍ നല്കുന്ന ആദരം കൂടിയാകും ഈ പരിപാടി.
മലയാളത്തിന്റെ ആര്‍ദ്രഗായകന്‍
സംഗീത പ്രേമികളുടെ മനസ്സില്‍, തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണ് ശ്രീ ജി. വേണുഗോപാല്‍. മലയാളത്തിന്റെ ആര്‍ദ്രഗായകന്‍ എന്ന വിശേഷണത്തിന് വേണുഗോപാല്‍ ഏറെ അനുയോജ്യനാണ്. ‘ചന്ദനമണിവാതില്‍’, ‘കാണാനഴകുള്ള മാണിക്യക്കുയിലെ’, ‘താനേ പൂവിട്ട മോഹം ‘ തുടങ്ങി നിരവധി ഗാനങ്ങള്‍ തന്റെ ആലാപനശൈലിയാല്‍ മനോഹരമാക്കി മാറ്റിയ ഗായകന്.വരികളുടെ അര്‍ത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച ഗായകന് എന്ന പേരെടുക്കാന്‍ കഴിഞ്ഞത് വേണുഗോപാലിന്റെ മികച്ച ആലാപന ശൈലി ഒന്നു കൊണ്ടു മാത്രം ആണ്.
1984ല്‍ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു ചെറിയ ഹിന്ദി ഗാനം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ‘രാരി രാരിരം രാരോ’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രശസ്തനായത്. ഈ ഗാനത്തിലൂടെ പൗരുഷത്തിന്റെ പുതിയൊരു ശബ്ദമാധുര്യമാണ് മലയാളികള്‍ക്ക് ലഭിച്ചത് .
അനുഗ്രഹീത സംഗീതജ്ഞരുടെ പരമ്പരയിലാണ് ജി വേണുഗോപാലിന്റെ ജനനം.പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി,ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനാണ് ജി വേണുഗോപാല്‍. ശ്രീമതി രാധാമണിയാണ് കുട്ടിയായിരുന്ന വേണുവിനെ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്നത്. വേണുഗോപാലിന്റെ മാതാവ് ശ്രീമതി കെ സരോജിനി , തിരുവനന്തപുരം വുമണ്‍സ് കോളേജിലെ സംഗീത വിഭാഗം മേധാവിയായിരുന്നു.
സിനിമാ രംഗത്തെത്തുന്നതിനു മുന്‍പേ ജി വേണുഗോപാല്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജന്‍, കെ രാഘവന് എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷണല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം ‘സബ്കോ സമ്മതി ദേ ഭഗവാന്’ എന്ന നാടകത്തിലൂടെ ലഭിച്ചു.
മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം 1988 (ഉണരുമീ ഗാനം മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം സസ്നേഹം), 2004 ( ആടടീ ആടാടടീ ഉള്ളം ) എന്നീ വര്‍ഷങ്ങളില്‍ നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിക്കുകയുണ്ടായി. 2007 ല്‍ ഏഷ്യാനെറ്റ് അവാര്‍ഡും, രണ്ടു പ്രാവശ്യം കേരള കൗമുദി ഗ്യാലപ് പോള്‍ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ക്കു സംഗീതം നല്കി ആലപിക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ ഒരു തനതു ശൈലിയ്ക്കു തുടക്കം കുറിച്ചു കൊണ്ട് വേണുഗോപാല്‍ ആലപിച്ച ‘കാവ്യരാഗം’ ‘കാവ്യഗീതികള്‍ ‘ എന്നീ ആല്‍ബങ്ങള്‍, മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും കനകധാരയും മാത്രമല്ല ക്രിസ്തീയ സഹസ്രനാമവും വേണുഗോപാലിന്റെ സംഗീത സപര്യയിലെ മറ്റൊരു പൊന്‍തൂവലാണ്.
വേണുഗാനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു വേണുഗോപാല്‍ ഫാന്‍സിന്റെ സഹകരണത്തോടു കൂടി ആരംഭിച്ച ‘സസ്നേഹം’എന്ന ചാരിറ്റി അതിന്റെ പ്രവര്‍ത്തന ശൈലി കൊണ്ട് ഏറെ വേറിട്ട് നില്ക്കുന്നു.സസ്നേഹം വേണുഗോപാല്‍ ഗ്രൂപ്പ് കുട്ടികളെ ആര്‍ട്ടും ക്രാഫ്റ്റും പഠിപ്പിക്കുന്നതിനോടൊപ്പം റീജിയണല്‍ കാന്‍സര്‍ സെന്ററിലും പൂജപ്പുര മഹിളാ കേന്ദ്രത്തിലും അന്നദാനവും വിനോദ പരിപാടികളും നടത്താറുണ്ട്.പാട്ടിന്റെ വഴിയില്‍ സംഗീതമെന്ന സ്നേഹമന്ത്രത്തോടൊപ്പം ‘ആന്റി ടുബാക്കോ ക്യാമ്പയിന് ‘,’ ഗ്രീന്‍ കേരള ക്യാമ്പയിന്’, ‘ ഓര്‍ഗന്‍ ഡൊണേഷന്‍ ക്യാമ്പയിന്’ പോലെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കും വേണുഗോപാല്‍ സമയം കണ്ടെത്താറുണ്ട് .
ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണുഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.മകന് അരവിന്ദ് സിനിമാ പിന്നണി ഗായകനായി അരവിന്ദ് ഇതിനോടകം ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ശ്രീ വേണുഗോപാലിനൊപ്പം ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( Indian Idol Junior 2015 Finalist) Fr വില്‍സണ്‍ മേച്ചേരി (ഗായകന് ) വാണി ജയറാം (ഗായിക) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും ഈ പരിപാടിയില്‍ അണിനിരക്കുന്നു.
മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ ‘വേണുഗീതം2018’ ന് ആതിഥേയത്വം വഹിക്കുന്നത് സ്കോട്ലന്‍ഡിലെ യുണൈറ്റഡ് സ്കോട്ലന്ഡ് മലയാളീ അസ്സോസിയേഷനും, 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീനയില്‍ UUKMA യും, 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയില്‍ ലണ്ടന്‍ മലയാളീ കമ്മ്യൂണിറ്റിയും ആതിഥേയത്വമരുളും.
നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാ ഷോ ‘ വേണുഗീതം2018’ യുകെയിലെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം തന്നെ ആയിരിക്കും. ഈ മെഗാ ഷോയിലേയ്ക്ക് യൂകെയിലെ മലയാളികളായ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല