സ്വന്തം ലേഖകന്‍: റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ചാരന്റെ വധശ്രമം, മാരക വിഷം റഷ്യയില്‍ നിന്ന് പെട്ടിയില്‍ അടച്ച് കയറ്റിവിട്ടതായി വെളിപ്പെടുത്തല്‍. സെര്‍ഗെയ് സ്ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്കോയില്‍നിന്നു കയറ്റിവിടുകയായിരുന്നു എന്ന് ടെലിഗ്രാഫ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ താമസിക്കുന്ന സ്ക്രീപലിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്നിനു മോസ്കോയില്‍നിന്നു പുറപ്പെട്ട മകള്‍ യുലിയയുടെ പെട്ടിയില്‍ ‘നോവിചോക്’ എന്ന അതിമാരക രാസവിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണു റിപ്പോര്‍ട്ട്.
വസ്ത്രത്തിലോ സൗന്ദര്യസംരക്ഷണ വസ്തുവിലോ ഇതു പുരട്ടിയിരുന്നിരിക്കാമെന്നാണ് ഒരു വാദം. പിതാവിന്റെ സാന്നിധ്യത്തില്‍ തുറക്കാനിടയുള്ള സമ്മാനപ്പൊതിയില്‍ വിഷം ഒളിപ്പിച്ചിരിക്കാമെന്നാണു മറ്റൊരു വാദം. സോവിയറ്റ് കാലത്തു രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തില്‍നിന്നാണു സോള്‍സ്ബ്രിയിലെത്തിയതെന്നു ബ്രിട്ടന് വാദിക്കുന്നു. എന്നാല്‍, തങ്ങളുടെ പക്കലുള്ള അവസാനത്തെ രാസായുധങ്ങളും നശിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ നവംബറില്‍ റഷ്യ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
40,000 ടണ്‍ രാസവസ്തുക്കള്‍ റഷ്യ നശിപ്പിച്ചതായി രാസായുധ ആക്രമണങ്ങള്‍ക്കെതിരെയുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചിരുന്നു. നോവിചോക്കിന്റെ രാസസമവാക്യം ബ്രിട്ടനും അറിയാമെന്ന വാദവുമുണ്ട്. എന്തായാലും, രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ മണ്ണില്‍ ഇത്തരമൊരു രാസായുധപ്രയോഗം ഇതാദ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. ഷോപ്പിങ് സെന്ററിനു മുന്നിലെ ബെഞ്ചില്‍ പ്രജ്ഞയറ്റ നിലയില്‍ കണ്ടെത്തിയ സ്ക്രീപലിന്റെയും യുലിയയുടെയും നില അതീവഗുരുതരമായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല