സ്വന്തം ലേഖകന്‍: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ആദ്യ ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ഫിന്‍ലന്‍ഡ് വേദിയാകും. ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് നടത്തുന്ന സമാധാന നീക്കങ്ങളില്‍ സര്‍ക്കാറിതര പ്രതിനിധികളാകും പങ്കെടുക്കുക. ദക്ഷിണ കൊറിയ കൂടി ചര്‍ച്ചയുടെ ഭാഗമാകും. ഉത്തര കൊറിയയില്‍ അമേരിക്കക്ക് നയതന്ത്ര പ്രതിനിധിയില്ലാത്തതിനാല്‍ ഔദ്യോഗിക പ്രതിനിധികള്‍ തമ്മിലെ ചര്‍ച്ച പ്രയാസമാകുമെന്നതിനാലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത്.
ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിരന്തരം പരീക്ഷിച്ച് പ്രകോപനം സൃഷ്ടിച്ച ഉത്തര കൊറിയയുമായി സംഘട്ടനം അവസാനിപ്പിച്ച് ചര്‍ച്ചക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിലവില്‍ നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ ആരൊക്കെ തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് നേരത്തേ തീരുമാനിക്കണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതോടെ, വീണ്ടും സൗഹൃദത്തിന്റെ സാധ്യത മങ്ങുമെന്ന സൂചനകള്‍ക്കിടെയാണ് ഫിന്ലാന്ഡില് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നത്. ചര്‍ച്ചകളില്‍ ആണവ നിരായുധീകരണമാകും മുഖ്യവിഷയമെന്നാണ് സൂചന. സമയം, സ്ഥലം, പങ്കാളികള്‍ എന്നിവരെ കുറിച്ചൊന്നും അന്തിമ ധാരണയായിട്ടില്ലെന്ന് ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയ വക്താവ് പെട്ര സാരിയസ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചക്കു സന്നദ്ധമാണെന്ന് ഉത്തര കൊറിയ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല