സ്വന്തം ലേഖകന്‍: സിറിയയിലെ അഫ്രീന് നഗരം തുര്‍ക്കി സൈന്യം പിടിച്ചെടുത്തു; കുര്‍ദുകള്‍ക്ക് കനത്ത തിരിച്ചടി. തുര്‍ക്കി സേനയും ഫ്രീ സിറിയന്‍ ആര്‍മിയും ചേര്‍ന്ന് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി തുര്‍ക്കി പ്രസിഡന്റ് തയിബ് എര്ദോഗന് അങ്കാറയില്‍ അറിയിച്ചു. എന്നാല്‍ അഫ്രീനില്‍ 280 സിവിലിയന്മാര് കൊല്ലപ്പെട്ടെന്നുള്ള റിപ്പോര്‍ട്ട് അങ്കാറ നിഷേധിച്ചു.
കൂടുതല്‍ സിവിലിയന്മാര്ക്കു ജീവഹാനി നേരിടുന്നതു തടയാനായി നഗരത്തില്‍നിന്നു പിന്മാറുകയാണെന്നു അഫ്രീന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി. അഫ്രീന് നഗരം ഉള്‍പ്പെടുന്ന അഫ്രീന് മേഖലയില്‍ ഗറില്ലാ യുദ്ധം നടത്തുമെന്ന് എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ സഹാധ്യക്ഷനായ ഓഥ്മന് ഷേക്ക് ഇസാ മുന്നറിയിപ്പു നല്കി. ജനുവരി 20നാണു തുര്‍ക്കി സൈന്യം അഫ്രീനെതിരേ പോരാട്ടം തുടങ്ങിയത്. ഇതിനകം 46 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.
അഫ്രീനില്‍നിന്ന് അടുത്തനാളുകളില്‍ രണ്ടുലക്ഷത്തോളം സിവിലിയന്മാര് ഒഴിഞ്ഞുപോയെന്നു സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. നിരവധി പേര് കിട്ടിയ വാഹനങ്ങളിലും മോട്ടോര്ബൈക്കുകളിലുമായി സിറിയന്‍ സേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു പലായനം ചെയ്യുകയാണ്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരഗ്രൂപ്പുകള്‍ക്ക് എതിരേ പോരാടുന്നതിനു കുര്‍ദുകളുടെ സഹായം അമേരിക്ക ഉപയോഗപ്പെടുത്തുന്നുണ്ട്. സിറിയയിലെ കുര്‍ദുകള്‍ക്ക് എതിരേ തുര്‍ക്കി സൈനിക നടപടിക്കു മുതിര്‍ന്നത് അമേരിക്കതുര്‍ക്കി ബന്ധം വഷളാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല