സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കാന്‍ സഹായിച്ച് പ്രവാസലോകത്തെ പ്രിയങ്കരനായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു; അഷ്റഫായി മമ്മൂട്ടി. നടന് ടിനി ടോം മനോരമയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 12 വര്‍ഷമായി യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്കുന്ന അഷ്റഫ് ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്.
കോഴിക്കോട് താമരശേരി സ്വദേശിയായ അഷ്റഫിന്റെ ജീവിതം സിനിമയാക്കുകയെന്നത് ദുഷ്കരമായ ദൗത്യമാണെന്ന് ടിനി ടോം പറഞ്ഞു. ചിത്രത്തിനു താന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നതെന്നും ടിനി ടോം അറിയിച്ചു. ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുക. ഷിന്റോ, സദാശിവന് തുടങ്ങിയ അഷ്റഫിനു പിന്തുണ നല്കുന്ന വ്യക്തികളായി സൗബിന് ഷാഹിറും ഹരീഷ് കണാരനും ബിഗ് സിക്രീനിലെത്തും. പ്രധാന കഥാപാത്രങ്ങളെ യുഎഇയില്‍ നിന്നു കണ്ടെത്താനാണ് തീരുമാനം.
നായികയുടെ കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല. സിനിമയുടെ തിരക്കഥ എഴുതികൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ തിരക്കഥ രചന പൂര്‍ത്തിയാകും. ഈ തിരക്കഥയ്ക്ക് സര്‍വ പിന്തുണയും നല്കി സതീഷ് സഹായിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത സംവിധായകനായിരിക്കും ചിത്രം വെള്ളിത്തരിയിലെത്തിക്കുകയെന്നും ടിനി ടോം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല