സ്വന്തം ലേഖകന്‍: വിസയൊന്നും വേണ്ട, ടിക്കറ്റുമായി വരൂ; ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ കായിക പ്രേമികളെ ക്ഷണിച്ച് റഷ്യ. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പോകുന്നതിനു വീസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം ഉള്ള വിദേശികള്‍ക്കു വീസ ഇല്ലാതെ തന്നെ റഷ്യയില്‍ പ്രവേശനം ലഭിക്കും. ലോകകപ്പിനു കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യവുമായാണു നീക്കം. കളിയുള്ള ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര ചെയ്യാനും സാധിക്കും. ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റില്‍ കയറി പ്രത്യേക റജിസ്ട്രേഷന് ചെയ്യുന്നവര്‍ക്കാണു കാര്‍ഡുകള്‍ ലഭ്യമാകുക.
മല്‍സരങ്ങളുടെ ആദ്യഘട്ട ടിക്കറ്റ് വില്പന തുടങ്ങി 24 മണിക്കൂറുകള്‍ക്കകം 3,56,700 എണ്ണമാണു വിറ്റുപോയത്. റഷ്യ, യുഎസ്, അര്‍ജന്റീന, കൊളംബിയ, മെക്സികോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു ടിക്കറ്റുകള്‍ വാങ്ങിയവരില്‍ ഭൂരിഭാഗവും. ജൂണ്‍ 14നാണു റഷ്യയില്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്കു തുടക്കമാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല