സ്വന്തം ലേഖകന്‍: ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് നേവി ബ്ലൂ നിറമണിയും; അച്ചടി കരാര്‍ ഡച്ച് കമ്പനി സ്വന്തമാക്കുമെന്ന വാര്‍ത്ത വിവാദമാകുന്നു. ബ്രെക്സിറ്റ് പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് പാസ്പോര്ട്ടുകള് ബര്‍ഗണ്ടിയില്‍ നിന്നും നീലയായി മാറും. എന്നാല്‍ അപ്പോഴും അച്ചടിക്കാനുള്ള കരാര്‍ യൂറോപ്യന്‍ കമ്പനിക്ക് നല്‍കിയത് ബ്രെക്സിറ്റ് വാദികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടീഷ് പാസ്പോര്ട്ടുകള് പ്രിന്റ് ചെയ്യാനുള്ള കരാറാണ് ഡച്ച് കമ്പനി ജെമാല്‍ട്ടോ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2019 ഒക്ടോബര്‍ മുതല്‍ പാസ്പോര്‍ട്ടുകളുടെ നിറം ഇയുവിന്റെ ബര്‍ഗണ്ടിയില്‍ നിന്നും ബ്രിട്ടന്റെ പരമ്പരാഗത നീലയായി മാറും. ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജെമാല്ട്ടോയുടെ ചീഫ് എക്സിക്യൂട്ടീവ് ഫ്രഞ്ചുകാരനാണ്. കരാറിനായി പങ്കെടുത്ത ബ്രിട്ടീഷ് കമ്പനിയെയും, മറ്റ് എതിരാളികളെയും മറികടന്നാണ് ഇവര്‍ കരാര്‍ ഏറ്റെടുത്തതെന്നാണ് സൂചന. എന്നാല്‍ 490 മില്ല്യണ്‍ പൗണ്ടിന്റെ അന്തിമകരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന് നിയമങ്ങള്‍ പ്രകാരം നടത്തിയ ലേലത്തില്‍ ബ്രിട്ടീഷ് കമ്പനിയ്ക്ക് ആനുകൂല്യങ്ങള്‍ നല്കാന് അനുവാദമില്ല. ഏറ്റവും മൂല്യമുള്ള ലേലത്തുക നോക്കി വേണം കരാര്‍ ഉറപ്പിക്കാനെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ യാത്രാ രേഖകള്‍ തയ്യാറാക്കാന്‍ പ്രാദേശിക കമ്പനികളെ ഏല്‍പ്പിക്കണമെന്ന എംപിമാരുടെ ആവശ്യം പരിഗണിക്കാതെയാണ് ഈ തീരുമാനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല