ബാലസജീവ് കുമാര്‍: (കേംബ്രിഡ്ജ്): കണ്ണീര് കഥകള്‍ക്കോ , വികാര പ്രകടനങ്ങള്‍ക്കോ, സ്ഥാനമില്ലാത്തത് ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച കേംബ്രിഡ്ജ് ആദം ബ്രുക് ഹോസ്പിറ്റലില്‍ വച്ച് മരണം വരിച്ച യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്കുമാറിന്റെ ജീവിതം. അത് കൊണ്ട് തന്നെ അദ്ദേഹം അറിയിച്ചിരുന്ന ആഗ്രഹപ്രകാരം കേംബ്രിഡ്ജിലെ ആര്‍ബറി ഹാള്‍ സെന്ററില്‍ സഹപ്രവര്‍ത്തവര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി പൊതു ദര്‍ശനം ഒരുക്കുകയും, ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടങ്ങുന്നവരുടെ ഒരു വന്‍ നിര തന്നേ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു. ബാഷ്പാഞ്ജലികള്ക്ക് പകരം പുഷ്പ്പാഞ്ജലിയും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ക്ക് പകരം മൗനാചരണവും അദ്ദേഹത്തിന്റെ ധീര ജീവിതം ആഘോഷിക്കുന്നതിന് അരങ്ങൊരുക്കി.
ആര്‍ബറി ഹാളില്‍ കൃത്യം 12 മണിക്ക് തന്നെ രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരം വെയ്മന്‍ ഫ്യൂണറല്‍ ഡയറക്ടേഴ്സ് എത്തിക്കുകയും യുക്മ ഭാരവാഹികളും കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ഭാരവാഹികളും രഞ്ജിത്ത് കുമാറിന്റെ കുടുംബാംഗങ്ങളും കേംബ്രിഡ്ജിലെ ഹിന്ദു സമാജവും സുഹൃത്തുക്കളും ചേര്‍ന്ന് ആദരവോടെ സ്വീകരിക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ ഇടത്ത് പൊതു ദര്‍ശനത്തിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വികാര നിര്‍ഭരമായ ഉപചാരങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സുഹൃത്തുക്കളെ അല്പനേരത്തേക്ക് കണ്ണീരിലാഴ്ത്തി. തുടര്‍ന്ന് യുക്മയുടെ അഭിമാനമായ രഞ്ജിത്ത് കുമാറിനെ യുക്മ നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ ചേര്‍ന്ന് യുക്മയുടെ പതാക പുതപ്പിച്ച് ആദരിവ് പ്രകടിപ്പിച്ചു..
ഔദ്യോഗിക ജീവിതത്തിലും സംഘടനാ സാമൂഹിക പ്രവര്‍ത്തന രംഗത്തും സൗഹൃദങ്ങളിലും ആയി ഒരുപാട് ബന്ധങ്ങള്‍ ഉണ്ടായിരുന്ന രഞ്ജിത്ത് കുമാറിനെ ഒരു നോക്ക് കാണുവാനും പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുവാനും അനേകം പേര് 12 മണിക്ക് മുന്‍പ് തന്നെ സന്നിഹിതരായിരുന്നു. പ്രവര്‍ത്തി ദിവസമായിരിന്നിട്ടുകൂടി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാള്‍ക്കാര്‍ ആണ് എത്തി ചേര്‍ന്നത്. യുക്മയുടെ വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചും ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ചും യുക്മയുടെ വിവിധ പോഷക സംഘടനകളെ പ്രതിനിധികരിച്ചും കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധികരിച്ചും പുഷ്പ ചക്രങ്ങളും പൂച്ചെണ്ടുകളും ഉപചാരങ്ങളും അര്‍പ്പിക്കപ്പെട്ടു. ജാതി മത ഭേദമെന്യേ നിരവധി ആളുകള്‍ പങ്കെടുത്ത പൊതു ദര്‍ശനത്തില്‍ പീറ്റര്ബ്രോയില് നിന്നുമെത്തിയ വൈദികന് സിജു വര്‍ഗീസിന്റെ സാനിദ്ധ്യം ശ്രദ്ധേയമായി. സന്ദര്‍ശകരുടെ തിരക്ക് നീണ്ടു പോകുന്നുണ്ടായിരുന്നു എങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചതിന് പ്രകാരം മൂന്നുമണിയോടെ പൊതു ദര്‍ശന പരിപാടികള്‍ ഫ്യൂണറല്‍ ഡയറക്ടേഴ്സിന്റെ ആവശ്യപ്രകാരം അവസാനിപ്പിക്കേണ്ടി വന്നു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മറ്റിയും കേംബ്രിഡ്ജ് മലയാളി അസോസിയേഷനും സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിലും പ്രേത്യേകം ശ്രദ്ധാലുക്കള്‍ ആയിരുന്നു.എത്തിച്ചേര്‍ന്ന എല്ലാവര്ക്കും മൂന്നിടങ്ങളില്‍ ആയാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയത്. സന്ദര്‍ശകര്‍ക്ക് ചായയും ലഘു ഭക്ഷണവും ഒരുക്കുന്നതിലും ധീരനായ തങ്ങളുടെ നേതാവിന് പ്രൗഢോജ്വലമായ ഒരു യാത്ര അയപ്പ് നല്‍കുന്നതിലും സന്തഃപ്തരായ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്നതും അവര്‍ ഒരു കടമ ആയി സ്വീകരിച്ചു
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരവും കുടുംബങ്ങളും ശനിയാഴ്ച്ച സ്വദേശമായ കൂത്താട്ടുകുളത്തേക്ക് തിരിക്കും. യുക്മ പ്രതിനിധിയായി നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുമാറാടിയില്‍ ഉള്ള അദ്ദേഹത്തിന്റെ കുടുംബ വളപ്പില്‍ മതപരമായ ചടങ്ങുകള്‍ക്കനുസരിച്ച് സംസ്കാര കര്‍മം നടക്കുന്നതാണ്. യുക്മയ്ക്കു വേണ്ടി പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ,മുന്‍ പ്രസിഡന്റ് വിജി കെ.പി, മുന്‍ നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ് എന്നിവര്‍ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും. യുക്മയുടെ ഈ ധീര യോദ്ധാവിനു അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും കുടുംബാംഗങ്ങളുടെയും കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെയും യുക്മയുടെയും നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല