സ്വന്തം ലേഖകന്‍: വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍. ഫെയ്സ്ബുക്ക് ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ അനലിറ്റിക്സ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായി കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്ലി വെളിപ്പെടുത്തി. ഒരുപക്ഷേ ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കേംബ്രിജ് അനലിറ്റിക്കയുടെ സേവനം തേടിയിട്ടുണ്ടാകാമെന്ന് യുകെ പാര്‍ലമെന്റിനു മുന്നില്‍ അദ്ദേഹം വെളിപ്പെടുത്തി.
‘ഇന്ത്യയില്‍ സിഎയുടെ സേവനം തേടിയിരുന്നത് കോണ്‍ഗ്രസ് ആണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഒരു കാര്യം ഉറപ്പ്, അവര്‍ അവിടെ എല്ലാ തരത്തിലുള്ള പ്രോജക്ടുകളും നടപ്പാക്കിയിരുന്നു. ദേശീയ തലത്തിലുള്ള പദ്ധതികളെപ്പറ്റി വ്യക്തതയില്ല, പക്ഷേ പ്രാദേശിക തലത്തില്‍ അവര്‍ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടത്തെ ഒരു സംസ്ഥാനം തന്നെ ചിലപ്പോള്‍ ബ്രിട്ടനോളം വരും. പക്ഷേ അര്‍ക്ക് അവിടെയെല്ലാം ഓഫിസുകളുണ്ടായിരുന്നു, ജീവനക്കാരും,’ വെയ്ലി വ്യക്തമാക്കി.
ഇതോടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇതുവരെ പറഞ്ഞുവന്നിരുന്നതെല്ലാം പച്ചക്കള്ളമാണെന്നു തെളിഞ്ഞതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്സ്ബുക് ഡേറ്റ ശേഖരിച്ച് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയെന്നു വെയ്ലിയാണ് ലോകത്തെ ആദ്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായാണു വെയ്ലിയെ പാര്‍ലമെന്റിലേക്കു വിളിച്ചു വരുത്തി പ്രത്യേക സമിതി വിശദീകരണം തേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല