1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍, റഷ്യ ശീതസമരം തുടരുന്നു; റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന ഭീഷണിയുമായി റഷ്യ. മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരായ രാസായുധപ്രയോഗത്തിന് മറുപടിയായി 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യു.എസ് നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. നേരത്തെ, 23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ബ്രിട്ടന്റെ നടപടിക്ക് റഷ്യ അതേ നാണയത്തില്‍ മറുപടി നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് രാസായുധപ്രയോഗത്തില്‍ റഷ്യക്കു പങ്കുണ്ടെന്നാരോപിച്ച് ബ്രിട്ടന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

20 ലേറെ പാശ്ചാത്യ രാജ്യങ്ങളും റഷ്യന്‍ പ്രതിനിധികളെ പുറത്താക്കുമെന്ന് അറിയിച്ചിരുന്നു. ബ്രിട്ടന് ഐക്യദാര്‍ഢ്യവുമായാണ് ഈ നടപടി. പാശ്ചാത്യ രാജ്യങ്ങളില്‍ ചാരവൃത്തി ആരോപിച്ച 100 ലേറെ റഷ്യന്‍ നയതന്ത്രജ്ഞരോട് ഉടന്‍ രാജ്യംവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ റഷ്യന്‍ നയതന്ത്രജ്ഞര്‍ കൂട്ടമായി പുറത്താക്കപ്പെടുന്നത്. യൂറോപ്യന്‍ യൂനിയന്റെയും നാറ്റോ രാജ്യങ്ങളുടെയും വടക്കേ അമേരിക്കന്‍ രാജ്യങ്ങളുടെയും നടപടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സ്വാഗതം ചെയ്തു. ചാരന്മാരെന്നാരോപിച്ചാണ് യു.എസും ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

അയര്‍ലന്‍ഡും റഷ്യന്‍ പ്രതിനിധിയെ പുറത്താക്കിയിട്ടുണ്ട്. ഏഴു നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി നാറ്റോ മേധാവി ജെന്‍സ് സ്റ്റാള്‍ട്ടന്‍ ബര്‍ഗ് അറിയിച്ചു.ആസ്‌ട്രേലിയയും രണ്ട് റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, വിദേശകാര്യമന്ത്രി ജൂലി ബിഷപ് എന്നിവരാണ് ഇവരെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. ഏഴു ദിവസത്തിനുള്ളില്‍ ഇവരോട് രാജ്യംവിടാനാണ് ഉത്തരവ്. ഇവര്‍ അപ്രഖ്യാപിത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, സ്‌ക്രിപലിനും മകള്‍ക്കുമെതിരെ നടന്ന വധശ്രമത്തെ അപലപിച്ച അദ്ദേഹം ഇത്തരം ആക്രമണങ്ങള്‍ തങ്ങള്‍ ഓരോരുത്തര്‍ക്കുമെതിരെയാണെന്നും ജനാധിപത്യ വ്യവസ്ഥിതിക്കുതന്നെ ഭീഷണിയാണെന്നും കുറ്റപ്പെടുത്തി. റഷ്യ അന്താരാഷ്ട്ര സുരക്ഷക്കുതന്നെ ഭീഷണിയാണെന്നും ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം നാലിനാണ് മുന്‍ റഷ്യന്‍ ചാരനെയും മകളെയും ബ്രിട്ടനില്‍ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.അതെസമയം സംഭവത്തില്‍ പങ്കില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പുടിന്‍ സര്‍ക്കാര്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.