സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ ചൈനയില്‍ത്തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചൈന; ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ഇവിടെയുണ്ടായിരുന്നുവെന്നും സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ചിന്‍പിങ്ങിന് ഉറപ്പുനല്‍കിയെന്ന് ചൈന വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഷീ ചിന്‍പിങ്ങുമായി വിജയകരമായ ചര്‍ച്ച നടത്താന്‍ സാധിച്ചുവെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ടു ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയന്‍ പെനിസുലയില്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.
യുഎസുമായി ചര്‍ച്ച നടത്തുന്നതിനും ആവശ്യമെങ്കില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നതിനും തയാറാണെന്നും കിം പറഞ്ഞു. തങ്ങളുടെ ശ്രമങ്ങളോടു ദക്ഷിണ കൊറിയയും യുഎസും മുഖംതിരിക്കാതിരിക്കുകയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ കൊറിയന്‍ പെനിസുലയില്‍ നിലനില്‍ക്കുന്ന ആണവഭീഷണിയില്‍ മാറ്റം വരുമെന്നും കിം അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല