സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പതു രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ നല്കി യുഎഇ. പുതിയ തൊഴില്‍ വീസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വീസ സേവന കേന്ദ്രങ്ങളായ തസ്ഹീല്‍ സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് പുതിയ നിബന്ധനകള്‍ നീക്കം ചെയ്തു.
നേരത്തേ വീസ അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്കാന്‍ ചെയ്ത് സമര്‍പ്പിച്ചാല്‍ മാത്രമേ വീസ ലഭിക്കുമായിരുന്നുള്ളൂ. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗമാണ് കംപ്യൂട്ടറില്‍നിന്ന് നീക്കം ചെയ്തതെന്നു തസ്ഹീല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ഇന്തൊനീഷ്യ, കെനിയ, ബംഗ്ലദേശ്, ഈജിപ്ത്, ടുണീസിയ, സെനഗല്‍, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റില്ലാതെ വീസ ലഭിച്ചുതുടങ്ങിയത്. കഴിഞ്ഞമാസം നാലു മുതലാണ് യുഎഇയില്‍ ജോലി ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം ഇന്ത്യക്കാരടക്കമുള്ള ഉദ്യോഗാര്‍ഥികളെ വലച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട അധികൃതര്‍ രണ്ടാഴ്ച മുന്‍പ് തസ്ഹീല്‍ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷകരുടെ അഭിപ്രായം ആരാഞ്ഞു. സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് അറിയിച്ച രാജ്യക്കാരെയാണ് നിബന്ധനയില്‍നിന്ന് ഒഴിവാക്കിയതെന്നു കരുതുന്നു. പുതിയ തൊഴില്‍ വീസ അപേക്ഷകര്‍ സ്വന്തം രാജ്യത്തുനിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് ജനുവരി ഒന്‍പതിനാണ് പുറത്തിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല