സിഡി ഉണ്ണികൃഷ്ണന്: യുകെയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷം ഏപ്രില്‍ 7 ന് ശനിയാഴ്ച വെസ്റ്റ് യോര്‍ക്ക്ഷയറിലെ പോണ്ടിഫ്രാക്ട് കാള്‍ട്ടണ്‍ കമ്മ്യുണിറ്റി ഹൈസ്കൂളില്‍ വച്ച് നടക്കുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ശ്രീ. ഷാജി എന്‍ കരുണ്‍ ആണ് പരിപാടികളിലെ മുഖ്യാതിഥി. ഈയിടെ അന്തരിച്ച ഓട്ടന്‍ തുള്ളല്‍ കലാകാരനായ ശ്രീ. കലാമണ്ഡലം ഗീതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടങ്ങുന്ന ഈ വാര്‍ഷികദിനത്തില്‍ യു. കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്തം, നാടകം, സംഗീതമേള എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥിയുമായി മധു ഷണ്മുഖം, ഡോ. ദീപ്തി ജ്യോതിഷ് എന്നിവര്‍ നടത്തുന്ന ‘അഭിമുഖ’വും ഉണ്ടായിരിക്കുന്നതാണ്. അമൃത ജയകൃഷ്ണന് നയിക്കുന്ന ‘രാമസപ്തം’ ചിരപരിചിതമായ രാമകഥ, ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടരൂപത്തില്‍ പുനരവതരിപ്പിക്കുന്നു. ബ്രീസ് ജോര്‍ജും സംഘവും അവതരിപ്പിക്കുന്ന ‘തെയ്യോ തകതാരോ’ എന്ന പരിപാടി മലയാളികള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന നാടന്‍ പാട്ടുകള്‍ നൃത്ത സംഗീത ദൃശ്യവിരുന്നായി ആവിഷ്കരിക്കുന്നു.
ഡോ. കിഷോര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ‘ഗാനകൈരളി’ കാടും തോടും പുഴകളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രദേശങ്ങളിലൂടെയുള്ള ഒരു സംഗീതയാത്ര ഒരുക്കുന്നു. ശ്രീ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ‘വച്ചുമാറ്റം’ എന്ന നാടകം ശ്രുതിയിലെ കൊച്ചു കൂട്ടുകാര്‍ സോപാനം ഗിരീശന്റെ ശിക്ഷണത്തില്‍ രംഗത്ത് അവതരിപ്പിക്കുന്നു. പ്രൊഫസര്‍ ജി. ശങ്കരപ്പിള്ള രചിച്ച് ഡോ. ഷമീല്‍ സംവിധാനം ചെയ്ത ‘കസേരകളി’ എന്ന ആക്ഷേപഹാസ്യനാടകം അധികാരമോഹികളായ നേതാക്കളും നിസ്സംഗരായ പൊതുജനങ്ങളും എല്ലാം ഉള്‍പ്പെടുന്ന രാഷ്ട്രീയകസേരകളികളെ നമുക്ക് പരിചയപ്പെടുത്തുന്നു. ഏപ്രില്‍ 7 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2:30 മുതല്‍ രാത്രി 8:30 വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ കേരളീയ ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ശ്രുതിയുടെ ഭാരവാഹികളെ സമീപിക്കുക.
Phone: Dr. Unnikrishnan 07733105454
email: sruthiexcom@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല