സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റത്തിനെതിരെ വീണ്ടും കലിതുള്ളി ട്രംപ്; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. ചൊവ്വാഴ്ച ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസ്‌മെക്‌സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി യാതൊരു നിയമങ്ങളും ഇല്ല. അനധികൃത കുടിയേറ്റക്കാരെ നേരിടുന്നതിനായി അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിനായി മുന്‍ മേജര്‍ ജനറല്‍ ഡേവിഡ് മോറിസുമായി കൂടിയാലോചിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരെ സൈന്യത്തിന്റെ സഹായത്തോടെ നേരിടുമെന്ന ട്രംപിന്റെ പ്രഖ്യാപനം.
മെക്‌സിക്കോയുമായുള്ള നോര്‍ത്ത് അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിനോടുള്ള വിയോജിപ്പും ട്രംപ് പ്രകടമാക്കി. പ്രസ്തുത കരാര്‍ അനധികൃത കുടിയേറ്റത്തിന് വഴിവെയ്ക്കുന്നുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ വാദം. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍ യുഎസ്, മെക്‌സിക്കോ ബന്ധം ഉലക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല