സ്വന്തം ലേഖകന്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു; ഉലപ്പന്നങ്ങള്‍ക്ക് മത്സരിച്ച് ഇറക്കുമതി ചുങ്കം ചുമത്തി ട്രംപും ജിന്‍പിങ്ങും. ചൈനയില്‍നിന്നുള്ള 1,333 ഇനങ്ങള്‍ക്ക് അമേരിക്ക പിഴച്ചുങ്കം പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം 106 അമേരിക്കന്‍ ഇനങ്ങള്‍ക്ക് 25 ശതമാനം പിഴച്ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു. കഴിഞ്ഞവര്‍ഷം 5,000 കോടി ഡോളറിന്റെ (3.25 ലക്ഷം കോടി രൂപ) ഇറക്കുമതി നടന്നവയാണു പിഴച്ചുങ്കം ചുമത്തപ്പെട്ട ചൈനീസ് ഉത്പന്നങ്ങളും യുഎസ് ഉത്പന്നങ്ങളും.
നേരത്തേ ചൈനയില്‍നിന്നുള്ള സ്റ്റീലിന് 25 ഉം അലൂമിനിയത്തിനു പത്തും ശതമാനം പിഴച്ചുങ്കം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അതിനു ബദലായി ഏപ്രില്‍ രണ്ടിന് അമേരിക്കയില്‍നിന്നുള്ള വൈന്‍, പോര്‍ക്ക്, പഴങ്ങള്‍, സ്റ്റീല്‍ പൈപ്പ് എന്നിവയ്ക്ക് ചൈന പിഴച്ചുങ്കം പ്രഖ്യാപിച്ചു. ഇന്നലെ പുതിയ പട്ടികയിറക്കിയാണു പുതിയ പിഴച്ചുങ്കം ചുമത്തിയത്. പുതിയ ചുങ്കം നിരക്കുകള്‍ പ്രാബല്യത്തിലായിട്ടില്ല. പ്രഖ്യാപനം കഴിഞ്ഞു രണ്ടുമാസത്തിനു ശേഷമേ ചുങ്കം നടപ്പാക്കി വിജ്ഞാപനം ഉണ്ടാകൂ.
പകരത്തിനു പകരം നടപടി പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും സാന്പത്തിക ശക്തികള്‍ ബലപരീക്ഷണം നടത്തുന്‌പോള്‍ ആഗോളസാന്പത്തിക വളര്‍ച്ചയ്ക്കു ക്ഷീണമുണ്ടാകും. അമേരിക്കയ്ക്കു ചൈനയുമായുള്ള വ്യാപാരത്തില്‍ 37,500 കോടി ഡോളര്‍ (24.37 ലക്ഷം കോടി രൂപ) കമ്മിയുണ്ട്. ഇത് 10,000 കോടി ഡോളറായി ചുരുക്കണമെന്നാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്. ചൈന ബൗദ്ധിക സ്വത്തവകാശം മാനിക്കുന്നില്ലെന്നും അമേരിക്കന്‍ കന്പനികളുടെ സാങ്കേതികവിദ്യ പങ്കുവയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു.
ചൈനയെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും മുട്ടുകുത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നാണു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനയില്‍ നിര്‍മിക്കുന്ന ആപ്പിള്‍ ഫോണുകള്‍, ഡെല്‍ ലാപ്‌ടോപ്പുകള്‍, വാള്‍മാര്‍ട്ടും മറ്റും വില്‍ക്കുന്ന വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയ്ക്ക് അമേരിക്ക പിഴച്ചുങ്കം ചുമത്തിയില്ല. ചൈന പിഴ ചുമത്തിയ ഉത്പന്നങ്ങള്‍ പലതും ട്രംപിനു ഭൂരിപക്ഷ പിന്തുണ കിട്ടിയ സംസ്ഥാനങ്ങളില്‍ നിര്‍മിക്കുന്നവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല