വര്‍ഗീസ് ഡാനിയേല്‍: കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മല്‍സരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യസമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാല്‍ പരാതിക്കിട നല്‍കാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നടത്തുവാന്‍ സാധിക്കുന്ന മല്‍സര ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികള്‍ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാന്‍സി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജില്‍ മഷി, പെയിന്റ് മുതലായ വസ്തുക്കള്‍ കൊണ്ട് വൃത്തികേടാക്കുകയും ചെയ്യുന്നു എന്നുമുള്ള സ്ഥിരമായ പരാതിക്കറുതിവരുത്തുവാനായി ഈ വര്‍ഷം ഫാന്‍സിഡ്രസ് വേണ്ട എന്നുഒരു അഭിപ്രായമുയര്‍ന്നുവന്നിട്ടുണ്ട് . അതുപോലെ സ്റ്റോറി ടെല്ലിങ് 8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി പരിമിതപ്പെടുത്തണമെന്നും
അതുപോലെ നാടോടി നൃത്തം സിനിമാറ്റിക് ഡാന്‍സ് എന്നിവ അഞ്ചുമിനിറ്റ് ആയി കുറക്കണം എന്നും അഭിപ്രായമുയര്‍ന്നുവന്നിട്ടുണ്ട്. ലളിതഗാന മല്‍സരത്തില്‍ ഏതു പ്രായത്തിലും മലയാള ലളിതഗാനങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്നാണ് പലരുടെയും അഭിപ്രായം. സിനിമാഗാനങ്ങള്‍ പരിഗണിക്കുന്നതല്ല. 10 മിനുട്ടോളം എടുക്കുന്ന കഥാപ്രസംഗ വിഭാഗത്തെ ഒഴിവാക്കി മോണോആക്ട് എന്ന പുതിയ വിഭാഗത്തെ ഉള്‍പ്പെടുത്താനും അഭിപ്രായമുണ്ട്.
പുതിയ വിഭാഗമായി (mime) മൈം എന്ന കലാരൂപത്തെ പൊതുവിഭാഗത്തിലോ സീനിയര്‍ വിഭാഗത്തിലോ ചേര്‍ക്കണമെന്ന ആവശ്യം ഇതിനോടകം പല കോണില്‍ നിന്നുമുയര്ന്നുവന്നിട്ടുണ്ട്. ഇതുപോലെയുള്ള കാര്യങ്ങളെക്കുറിച്ചു പൊതുജന അഭിപ്രായം അറിയാനായി ഒരു ഓണ്‍ലൈന്‍ സര്‍വേ നടത്തുവാനാണു നാഷണല്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.
പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ അറിഞ്ഞു അതിനനുസരിച്ചു കലാമേളയില്‍ മാറ്റങ്ങള്‍ വരുത്തുവാനാണു കമ്മറ്റിയുടെ തല്പര്യം. അതിനായി താഴെയുള്ള സര്‍വേ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഏപ്രില്‍ 15 വരെ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതായിരിക്കും, അതിനുശേഷം പൊതുജന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഈ വര്‍ഷത്തെ കലാമേള മാനുവല്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കലാമേളയുടെ വിജയത്തിനായി നിങ്ങള്‍ ഇപ്പോള്‍ ചിലവഴിക്കുന്ന രണ്ടു മിനിട്ട് ഒരു വലിയ ജനാവലിയുടെ അനേകം മണിക്കു റുകള് നഷ്ട്മാകാതിരിക്കുകാം ഇടയാക്കു.
https://www.surveymonkey.co.uk/r/HVKM9D3
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല