സ്വന്തം ലേഖകന്‍: കാനഡ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.ടിസ്‌ഡേലിന് സമീപം താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 28 പേര്‍ ബസില്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. പരുക്കേറ്റ ബാക്കി 14 താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താരങ്ങളുടെ കുടുംബത്തെ അറിയിച്ചതായും കുടുംബാംഗങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടതായും ടീം പ്രസിഡന്റ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല