സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൈകടത്തി; 24 റഷ്യന്‍ സമ്പന്നരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വിശ്വസ്തനായ അലുമിനിയം വ്യവസായി ഒലെഗ് ദെറിപാസ്‌ക ഉള്‍പ്പെടെ 24 റഷ്യക്കാരുടെ യുഎസിലെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കോണ്‍ഗ്രസ് സമ്മര്‍ദത്തെ തുടര്‍ന്നാണു പുടിന്റെ വിശ്വസ്തസംഘത്തെ ഉന്നംവച്ചുള്ള ട്രംപിന്റെ നീക്കം.
സ്വര്‍ണഖനനം കുടുംബ ബിസിനസായുള്ള പാര്‍ലമെന്റംഗം സുലൈമാന്‍ കെറിമോവിന്റെയും സ്വത്തു മരവിപ്പിച്ചിട്ടുണ്ട്. തിരഞ്ഞടുപ്പില്‍ തലയിട്ടതു കൂടാതെ ക്രൈമിയ, സിറിയ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉപരോധം. പട്ടികയില്‍ ഏഴു വ്യവസായ പ്രമുഖരുമുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ 12 കമ്പനികളുടെ ഭാവിയെയാണ് ഉപരോധം ബാധിക്കുക. ഉപരോധപ്പട്ടികയിലെ ബാക്കിയുള്ളവര്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ്.
റഷ്യയ്‌ക്കെതിരെ ഇന്റലിജന്‍സ് തെളിവുണ്ടായിട്ടും കടുത്ത നടപടിക്കു മുതിരാത്തതിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ റഷ്യന്‍ ഇരട്ടച്ചാരനു നേരെ ബ്രിട്ടനില്‍ ഉണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കിയതിനു പിന്നാലെയാണ് ഉപരോധം. ശക്തമായി തിരിച്ചടിക്കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല