സ്വന്തം ലേഖകന്‍: ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആയുധങ്ങളില്‍ നോട്ടമിട്ട് പാകിസ്താന്‍; ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച. ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് പാകിസ്താന്‍ റഷ്യയുമായി ചര്‍ച്ച നടത്തുന്നതായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് വെളിപ്പെടുത്തിയത്.
റഷ്യയുമായുള്ള സഹകരണം പാകിസ്താന്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിനിടെ വ്യക്തമാക്കി. ടി90 ടാങ്കുകളില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ ഒറ്റത്തവണയായിട്ടാകില്ല ഇതു വാങ്ങുക. ദീര്‍ഘകാല കരാറിലാകും ഏര്‍പ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യ വിതരണം ചെയ്യുന്ന ടാങ്കുകളാണ് ടി90.
അതേ സമയം ഏത് തരത്തിലുള്ള വ്യോമ പ്രതിരോധ മിസൈലുകളാണ് പാകിസ്താന്‍ വാങ്ങുന്നതെന്ന് പാക് മന്ത്രി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയുമായി റഷ്യക്ക് കരാറിലുള്ള ദീര്‍ഘദൂര എസ്400 മിസൈലുകളില്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല