സ്വന്തം ലേഖകന്‍: ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് സെര്‍ബിയന്‍ നേതാവ്; ക്രൊയേഷ്യയും ബോസ്‌നിയയും കൂട്ടിച്ചേര്‍ത്ത് വിശാല സെര്‍ബിയ രൂപീകരിക്കും. അന്തരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് സ്‌ലൊബോദന്‍ മിലോസെവികിന്റെ അടുത്ത അനുയായിയായിരുന്ന 63 കാരന്‍ വോജിസ്‌ലാവ് സിസേല്‍ജാണ് ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്നും ദേശീയതവാദം ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്. 90 കളില്‍ നടന്ന കൂട്ടക്കൊലയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സിസേല്‍ജിനെ 2016 ല്‍ യു.എന്‍ കോടതി തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടിരുന്നു.
അതിദേശീയതയിലൂന്നിയ പ്രസംഗങ്ങളിലൂടെ സിസേല്‍ജ് വംശീയത ആളിക്കത്തിച്ചുവെന്നായിരുന്നു ആരോപണം. കുറ്റങ്ങള്‍ നിഷേധിച്ച സിസേല്‍ജ് 2003ല്‍ സ്വമേധയാ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മറ്റു വിഭാഗങ്ങളില്‍നിന്ന് സെര്‍ബ് മേഖലകള്‍ ഒന്നൊന്നായി തിരിച്ചുപിടിച്ച് ഏകീകൃത രാജ്യം നിര്‍മിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി. വന്‍ശക്തികളാണ് സെര്‍ബിയയില്‍ കുഴപ്പം സൃഷ്ടിച്ചത്. രാജ്യത്ത് ഇപ്പോഴുള്ള ക്രൊയേഷ്യന്‍ ജനതയില്‍ മൂന്നില്‍ രണ്ടും ഒരുകാലത്ത് കാത്തലിക് വിശ്വാസം പിന്തുടരുന്ന സെര്‍ബിയക്കാരായിരുന്നു. അവര്‍ സെര്‍ബിയന്‍ ഭാഷയാണ് സംസാരിക്കുന്നത്.
ബോസ്‌നിയന്‍ മുസ്‌ലിംകളും സെര്‍ബ് വംശജരായിരുന്നു. ഓട്ടോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് അവര്‍ ഇസ്‌ലാം സ്വീകരിച്ചതാണെന്നും സിസേല്‍ജ് അവകാശപ്പെട്ടു. ബോസ്‌നിയന്‍ കൂട്ടക്കൊല വംശഹത്യയല്ലെന്നും കുറ്റകൃത്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവര്‍ഷം കൊണ്ട് ഒരു ലക്ഷം പേരാണ് ബോസ്‌നിയന്‍ കലാപങ്ങളില്‍ കൊല ചെയ്യപ്പെട്ടതെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല