സ്വന്തം ലേഖകന്‍: സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ 70 ലധികം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തില്‍ വിമതരുടെ പിടിയിലുള്ള ഈസ്റ്റേണ്‍ഗൂട്ടായിലെ ദൂമാ നഗരത്തിലാണ് സിറിയന്‍ സൈന്യം ശനിയാഴ്ച രാസായുധം പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ 500 ലധികം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ 150 ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ദൂമായില്‍ ബോംബ് ഷെല്‍ട്ടറുകള്‍ക്കു സമീപം ഹെലികോപ്റ്ററില്‍ നിന്നു ബാരല്‍ ബോംബ് വര്‍ഷിച്ചെന്നും ഇതില്‍നിന്നുള്ള ക്ലോറിന്‍ ഗ്യാസു ശ്വസിച്ചു ശ്വാസംമുട്ടിയാണു മിക്കവരും മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറ്റ് ഹെല്‍മറ്റ്‌സ് പുറത്തുവിട്ടു. രാസായുധാക്രമണം ഉണ്ടായത് ശരിയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി.വിദഗ്ധരെ അയച്ചു പരിശോധന നടത്തണമെന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറീസ് ജോണ്‍സണ്‍ നിര്‍ദേശിച്ചു.
പ്രതിരോധിക്കാന്‍ശേഷിയില്ലാത്ത ജനങ്ങള്‍ക്കു നേരേ ഉന്മൂലനാശം വരുത്തുന്ന ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു, ഇതേസമയം രാസായുധാക്രമണം നടത്തിയെന്ന ആരോപണം സിറിയയും അവരെ പിന്തുണയ്ക്കുന്ന റഷ്യയും നിഷേധിച്ചു. കഴിഞ്ഞവര്‍ഷം ഖാന്‍ ഷെയ്ക്കൂണ്‍ നഗരത്തില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തില്‍ 100 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല